നന്ദി പ്രമേയ ചർച്ച രണ്ട് ദിവസം: 25ന് സഭ ചേരില്ല
Wednesday 18 January 2023 11:20 PM IST
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച മൂന്ന് ദിവസത്തിൽ നിന്ന് രണ്ട് ദിവസമാക്കി ചുരുക്കാൻ ധാരണ. 23നാണ് നയപ്രഖ്യാപനം. 25ന് സമ്മേളനം ഒഴിവാക്കി പകരം ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ മാത്രമാക്കി ചുരുക്കാനാണ് നീക്കം. 23ന് ചേരുന്ന കാര്യോപദേശക സമിതിയിലാകും അന്തിമ തീരുമാനം. 25, ഫെബ്രുവരി 1, 2 തീയതികളിൽ നന്ദിപ്രമേയ ചർച്ച നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
മൂന്ന് ദിവസമാണ് നന്ദിപ്രമേയ ചർച്ച നടക്കേണ്ടത്. ദിവസം മൂന്ന് മണിക്കൂർ വീതം ആകെ 9 മണിക്കൂർ. 25ന് ഒഴിവാക്കുക വഴി രണ്ട് ദിവസമാക്കി ചുരുക്കുമ്പോൾ ഒരു ദിവസം ചർച്ചയ്ക്ക് നാല് മണിക്കൂറാക്കും. ഫെബ്രുവരി 3നാണ് ബഡ്ജറ്റ് .26ന് റിപ്പബ്ലിക് ദിനമായതിനാൽ 25ന് ഒരു ദിവസത്തേക്ക് മാത്രമായി സമ്മേളനം ചേരേണ്ടതില്ലെന്ന്എം.എൽ.എമാർ പലരും അഭിപ്രായമറിയിച്ചിരുന്നു.