മുഹമ്മദ് സാദിഖ് ഹിറ്റ് സ്ക്വാഡിന് വിവരം നൽകുന്ന പി.എഫ്.ഐ 'റിപ്പോർട്ടർ'

Wednesday 18 January 2023 11:26 PM IST

 അറസ്റ്റ് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത കൊല്ലം ചവറ മുക്കുതോട് മന്നാടത്തുറ വീട്ടിൽ മുഹമ്മദ് സാദിഖിന്റെ (40) അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറുദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ആക്രമിക്കേണ്ട ഇതരമതസ്ഥരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്ന 'റിപ്പോർട്ടർ'മാരിൽ ഒരാളാണ് സാദിഖ് എന്നാണ് എൻ.ഐ.എ കണ്ടെത്തൽ. ഈ പേരി​ലാണ് ഇവരെ സംഘടന വി​ശേഷി​പ്പി​ക്കുന്നത്. ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തിയിരുന്നത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച് മണി​ക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റെയ്ഡിൽ ഡയറിയടക്കം നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തതിന്റെയും വിവിധ യാത്രകളുടെയും രേഖകൾ ഇതിലുണ്ട്. ഇയാളുടെ മൊഴിയെ തുടർന്ന് ഇന്നലെ പുലർച്ചെ എൻ.ഐ.എ കൊല്ലം ചിതറ സ്വദേശിയും പി.എഫ്.ഐ പ്രവർത്തകനുമായ നിസാറുദ്ദീന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

ചവറയിൽ ഒട്ടോറിക്ഷാ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോൾ പഴക്കച്ചവടം നടത്തിവരികയാണ്. കഴിഞ്ഞമാസം 29നും കൊല്ലത്ത് എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്നത്തെ റെയ്ഡ്.

എൻ.ഐ.എ ഈയിടെ രാജസ്ഥാനിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ റിപ്പോർട്ടർമാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.