സ്വിഫ്ടിന് 263 ഇ ബസുകൾ കൂടി വാങ്ങും

Thursday 19 January 2023 4:43 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിഫ്ടിനായി 263 ഇലക്ട്രിക് ബസുകൾ വാങ്ങുന്നു. 12 മീറ്റർ നീളമുള്ള 150ഉം ഒൻപത് മീറ്റർ നീളമുള്ള 113 ഉം ബസുകൾക്ക് ഓർഡർ നൽകി. ബസുകൾ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ സർവീസിന് എത്തിക്കും. ഇപ്പോൾ സ്വിഫ്ടിന്റെ 40 ഇ ബസുകൾ തിരുവനന്തപുരം സിറ്റി സർക്കുലറുകളാണ്. 50 ബസുകൾ ഓർഡർ ചെയ്തതിൽ പത്തെണ്ണം കൂടി കിട്ടാനുണ്ട്. തലസ്ഥാന നഗരത്തിൽ ഇലക്ട്രിക് ബസുകൾ മാത്രം ഓടിക്കാനാണ് നീക്കം.

ബസുകൾ ഇലക്‌ട്രിക് ആക്കാനുള്ള പ്രധാന തടസം ബാറ്ററി മാറ്റുന്ന സ്വൈപിംഗ് സ്‌റ്റേഷനുകൾ ഇല്ലാത്തതാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 50 കിലോമീറ്റർ ഇടവിട്ട് ഇതിനുള്ള സൗകര്യം ഒരുക്കണം. ഇലക്ട്രിക് ബസുകൾ വർദ്ധിക്കാത്തതിന് പല കാരണങ്ങളുണ്ട്. നിർമ്മിച്ച് കിട്ടാൻ കാലതാമസമുണ്ട്. ചാർജിങ്ങിന് കൂടുതൽ സമയം വേണം. ഉയർന്ന വില, ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ്, ബാറ്ററിയുടെ ശേഷിയെ കുറിച്ചുള്ള ആശങ്ക എന്നിവയും കാരണങ്ങളാണ്.

ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ ആലോചിച്ചെങ്കിലും വില ഡീസലിനൊപ്പം എത്തിയതിനാൽ തത്കാലം വേണ്ടെന്ന് വച്ചു. സി.എൻ.ജി പമ്പുകൾക്ക് സ്ഥലം കിട്ടാനും ബുദ്ധിമുട്ടുണ്ട്.