ഇഴഞ്ഞ് മലയോര ഹൈവേ; പൊടിയിൽ കുളിച്ച് മലയോരം

Thursday 19 January 2023 12:47 AM IST

മലപ്പുറം: ' ഈ റോ‌‌ഡിലെ കുത്തിക്കുലുങ്ങിയുള്ള യാത്രയിൽ ഗർഭം വരെ അലസിയവരുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാറില്ല '. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി അടിമുടി പൊളിച്ചിട്ട കരുവാരക്കുണ്ട് - കാളികാവ് റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പരാതിയാണിത്.

2020 സെപ്തംബറിലാണ് മലയോര ഹൈവേയുടെ ഭാഗമായ കരുവാരക്കുണ്ട് മുതൽ കാളികാവ് വരെയുള്ള ഒമ്പത് കിലോമീറ്റർ റോഡ് നവീകരിക്കാൻ 50 കോടിയുടെ പ്രവൃത്തി കരാറുകാർ ഏറ്റെടുത്തത്. 18 മാസമായിരുന്നു നിർമ്മാണ കാലാവധി. 2022 മേയിൽ കാലാവധി അവസാനിച്ചെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും ഡ്രൈനേജുകളുടെ നി‌ർമ്മാണവും റോഡ് അടിമുടി കുഴിച്ച് മെറ്റലും പാറപ്പൊടിയും വിതറിയതുമല്ലാതെ ടാറിംഗ് നടത്തിയിട്ടില്ല. അഞ്ച് കിലോമീറ്ററിൽ മാത്രമാണ് പാറപ്പൊടി വിതറിയിട്ടുള്ളത്. ശേഷിക്കുന്ന ഇടങ്ങളിലെ യാത്ര ഇതിലും ദുസ്സഹമാണെന്ന് നാട്ടുകാർ പറയുന്നു.

പൊടിശല്യം അതിരൂക്ഷമായതോടെ നാട്ടുകാരും കച്ചവടക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നുണ്ട്. ടെക്സ്റ്റയിൽസ് ഉൾപ്പെടെയുള്ള കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്. കടകളിൽ ആളുകൾ എത്തുന്നതും കുറഞ്ഞു. പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ല് മാറിക്കിട്ടുന്നില്ലെന്ന കരാറുകാരുടെ വാദം കിഫ്‌ബി ഉദ്യോഗസ്ഥർ തള്ളുന്നു. കരാറുകാർ കൃത്യമായ രീതിയിൽ ബില്ല് സമർപ്പിക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജലനിധി പൈപ്പിടൽ നീണ്ടതും വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമറുകൾ മാറ്റാത്തതും പ്രവൃത്തി വൈകാൻ കാരണമായി. ജലനിധി പൈപ്പിടൽ പ്രവൃത്തി തുടങ്ങിയിട്ടുണ്ടെങ്കിലും ട്രാൻസ്‌ഫോർമറുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഒരു രക്ഷയുമില്ല

റോഡുകൾ സംബന്ധിച്ച ജനങ്ങളുടെ പരാതികൾ അറിയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ ഫോൺ ഇൻ പരിപാടിയിലെ 30 കോളുകളിൽ നാലെണ്ണം കരുവാരക്കുണ്ട് മലയോര പാതയുടെ നിർമ്മാണം ഇഴയുന്നത് സംബന്ധിച്ചായിരുന്നു. പണി വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരനെ മാറ്റുന്നതടക്കം പരിശോധിക്കുമെന്ന് മന്ത്രി മറുപടിയേകി. ടാറിംഗ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം നീണ്ടുപോയതിൽ പ്രതിഷേധിച്ച് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ കരുവാരക്കുണ്ടിലെ മുഴുവൻ കടകളും അടച്ച് നിരാഹാര സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് യൂണിറ്റ് പ്രസിഡ‌ന്റ് ഹംസ സുബ്‌ഹാൻ,​ സെക്രട്ടറി ജോയി വയലിൽ,​ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എം.കെ.ആരിഫ്,​ ജയേഷ് മുള്ളത്ത് എന്നിവർ അറിയിച്ചു.

Advertisement
Advertisement