അരി വിഹിതം കൂട്ടണമെന്ന് കേരളം: സെൻസസിന് ശേഷമെന്ന് കേന്ദ്രം

Wednesday 18 January 2023 11:59 PM IST

ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.

5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തിയത് ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിച്ചെന്നും അനിൽ ചൂണ്ടിക്കാട്ടി.

മുൻഗണനാ കാർഡുടമകൾക്ക് മൂന്നു രൂപ നിരക്കിൽ നൽകിയിരുന്ന അരിയും രണ്ടു രൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയെങ്കിലും, അളവ് കൂട്ടാത്തത് പ്രതിസന്ധിയാണ്. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതത്തിൽ രണ്ട് ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായി. റേഷൻ വിതരണത്തിനു പുറമെയുള്ള 57ശതമാനം ആളുകൾക്ക് അരി ലഭ്യമാക്കുന്ന ടൈഡ് ഓവർ വിഹിതത്തിൽ വർദ്ധന വരുത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.എന്നാൽ, അരി വിഹിതം വർദ്ധിപ്പിക്കുന്ന കാര്യം സെൻസസ് നടപടികൾക്ക് ശേഷം പരിഗണിക്കാമെന്നാണ് പിയൂഷ് ഗോയൽ പറഞ്ഞത്.

സംസ്ഥാനത്ത് റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചതിനാൽ നിലവിലെ കണക്കുകൾ കൃത്യമാണെന്നും, കേന്ദ്രത്തിന്റെ നിലപാടിൽ ദുരൂഹതയുണ്ടെന്നും അനിൽ പറഞ്ഞു.പൊതുവിതരണ ശൃംഖലയിൽ ഫോർട്ടിഫൈഡ് അരി മാത്രമെ വിതരണം ചെയ്യാൻ പാടുള്ളുവെന്ന കേന്ദ്ര നിർദ്ദേശം പോഷകഘടകങ്ങളടങ്ങിയ ചമ്പാവരിയുടെ കാര്യത്തിൽ ഇളവു ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ചമ്പാവരിയെ ഫോർട്ടിഫിക്കേഷൻ നടപടികളിൽ നിന്നും ഒഴിവാക്കുകയോ, അതിനാവശ്യമായ ചെലവ് കേന്ദ്രം വഹിക്കുകയോ ചെയ്യണം..നെല്ല് സംഭരണത്തിനുള്ള 405 കോടി , പി.എം.കെ.എ.വൈ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട 51.34 കോടി ,പഞ്ചസാര സബ്സിഡിക്കുള്ള തുക എന്നിവയടക്കം 461 കോടി ഉടൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

Advertisement
Advertisement