കർണാടക കരയ്ക്കടുക്കുന്നു

Thursday 19 January 2023 12:17 AM IST

കേരളം 342, കർണാടക 137/2

സച്ചിൻ ബേബി 141

തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കർണാടകയ്ക്ക് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 342 റൺസിന് ആൾഒൗട്ടായി. മറുപടിക്കിറങ്ങിയ കർണാടകം രണ്ടാം ദിനം കളിനിറുത്തുമ്പോൾ 137/2 എന്ന നിലയിലാണ്. ഇപ്പോൾ 205 റൺസ് പിന്നിലാണ് കർണാടകം.

ഇന്നലെ 224/6 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും (141) ജലജ് സക്സേനയും (57),സിജോമോൻ ജോസഫും(24) എം.ഡി നിതീഷും (22)നടത്തിയ ചെറുത്തുനിൽപ്പാണ് 342ലെത്തിച്ചത്. 116 റൺസുമായി ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയ സച്ചിൻ ബേബി 25 റൺസ് കൂടി ചേർത്തശേഷം പുറത്താവുകയായിരുന്നു. 307 പന്തുകൾ നേരിട്ട സച്ചിൻ ബേബി 17 ഫോറുകളും ഒരു സിക്സും പായിച്ചു.

മറുപടിക്കിറങ്ങിയ കർണാടകയ്ക്ക് നായകൻ മായാങ്ക് അഗർവാളിന്റെ (87നോട്ടൗട്ട് ) ഇന്നിംഗ്സാണ് കരുത്തായത്. സമർത്ഥ് (0),മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കൽ(29) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. 16 റൺസുമായി നിഖിൻ ജോസാണ് കളിനിറുത്തുമ്പോൾ ക്യാപ്ടന് കൂട്ട്.

Advertisement
Advertisement