ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും യു.പി കൈസേർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനും ദേശീയ പരിശീലകർക്കുമെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി ഗുസ്‌തി താരങ്ങൾ രംഗത്ത്. ബ്രിജ്‌ഭൂഷണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിൽ ഡൽഹി ജന്ദർമന്ദറിൽ ഗുസ്‌തി താരങ്ങൾ ധർണ നടത്തി. ബ്രിജ്‌ഭൂഷണിനെ നീക്കം ചെയ്യുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ പ്രഖ്യാപിച്ചു.
ദേശീയ ക്യാമ്പിലെ നിരവധി പരിശീലകർ വനിതാ ഗുസ്തിക്കാരെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഗുസ്തിക്കാരെ സമീപിക്കുന്ന കുറച്ച് സ്ത്രീകൾ ക്യാമ്പിലുണ്ടെന്നും അവർ പറഞ്ഞു. ദേശീയ ഫെഡറേഷനുമായി അടുപ്പമുള്ള ചില പരിശീലകർ ചെറുപ്പക്കാരായ പെൺകുട്ടികളെ ചൂഷണം ചെയ്തു. പരാതിപ്പെട്ടാൽ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അസഭ്യം പറഞ്ഞു.
വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബ്രിജ്ഭൂഷണുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായെന്നും അവർ പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റിൽ നിന്ന് ലൈംഗിക ചൂഷണം നേരിട്ട ഒരു ഡസനോളം വനിതാ ഗുസ്തിക്കാരുടെ പേരുകൾ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും വെളിപ്പെടുത്തും.
വിഷയത്തിൽ ഫെഡറേഷനോട് കേന്ദ്ര കായിക മന്ത്രാലയം വിശദീകരണം തേടി. 72 മണിക്കൂറിനുള്ളിൽ വിശദീകരണം ലഭിച്ചില്ലെങ്കിൽ നടപടി തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം വിവാദമായ ഗുസ്‌തി ദേശീയ ക്യാമ്പ് നിർത്തിവച്ചു.
2011 മുതൽ ഡബ്ല്യു.എഫ്.ഐയുടെ പ്രസിഡന്റാണ് ബ്രിജ്ഭൂഷൺ. 2019 ഫെബ്രുവരിയിൽ തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.റിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് സരിതാ മോർ, സംഗീത ഫോഗട്ട്, സത്യവർത് മാലിക്, ജിതേന്ദർ കിൻഹ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് സുമിത് മാലിക് എന്നിവരുൾപ്പെടെ 30 ഗുസ്തിക്കാരാണ് ഇന്നലെ ജന്ദർമന്ദറിൽ ഒത്തുകൂടിയത്.
അതേസമയം ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞു. ഒരു ആരോപണമെങ്കിലും തെളിഞ്ഞാൽ സ്വയം തൂക്കിലേറാൻ തയ്യാറാണ്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും സി.ബി.ഐയുടേയോ പൊലീസിന്റെയോ അന്വേഷണത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു വ്യവസായിയാണെന്നും അദ്ദേഹം പ്രതികരിച്ചു.