കോവളത്ത് നിന്ന് കൊല്ലം വഴി മാംഗ്ലൂർ-ഗോവ ക്രൂയിസ് ടൂറിസം

Thursday 19 January 2023 12:26 AM IST

കൊല്ലം: കോവളത്ത് നിന്ന് കൊല്ലം വഴി കടൽമാർഗം ഗോവയിലേക്കും മാംഗ്ലൂരിലേക്കും ടൂറിസം ക്രൂയിസ് സർവീസ് ആരംഭിക്കാൻ ടൂറിസം വകുപ്പിന്റെ പദ്ധതി. വിശദമായ രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിയെ ടൂറിസം വകുപ്പ് ചുമതലപ്പെടുത്തി.

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കും ആഭ്യന്തര സഞ്ചാരികൾക്കും കൂടുതൽ മെച്ചപ്പെട്ട ഉല്ലാസം ഒരുക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. കോവളത്ത് നിന്ന് സർവീസ് ആരംഭിച്ച് കൊല്ലം, കൊച്ചി, ബേക്കൽ, തുറമുഖങ്ങളിൽ നിന്ന് സഞ്ചാരികളെ കയറ്റി ഗോവയിലേക്കും മാംഗ്ലൂരിലേക്കുമുള്ള യാത്രയാണ് ലക്ഷ്യമിടുന്നത്.

മാംഗ്ലൂരിലേക്ക് കുറഞ്ഞത് മൂന്ന് ദിവസവും ഗോവയിലേക്കും തിരിച്ചും അഞ്ച് ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന യാത്രയാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ഐ.എൻ.സിയുടെ ഉടമസ്ഥതയിലുള്ള നെഫർടിറ്രി എന്ന കപ്പലോ സമാനമായ സൗകര്യങ്ങളുള്ള സ്വകാര്യ കപ്പലുകളോ വാടകയ്ക്കെടുത്ത് സർവീസ് നടത്താനാണ് ആലോചന.

നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ബ‌ജറ്റ് ടൂറിസം പ‌ദ്ധതിയുടെ ഭാഗമായി നെഫർടിറ്റിയിൽ നടത്തുന്ന കടൽ യാത്രയ്ക്ക് മികച്ച പ്രതികരണമാണുള്ളത്. മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രയേക്കാൾ കൂടുതൽ സ്വീകാര്യത ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

സഞ്ചാരികളെ ആകർഷിക്കും

 വിദേശ സഞ്ചാരികളും ഇതര സംസ്ഥാനക്കാരും കൂടുതൽ ദിവസം സംസ്ഥാനത്ത് തങ്ങുന്ന സാഹചര്യം ഒരുക്കും

 യാത്രക്കാർക്കുള്ള ഭക്ഷണം കപ്പലിൽ തന്നെ

 വിനോദത്തിനുള്ള വിവിധ സംവിധാനങ്ങളുണ്ടാകും

 ചെറിയ കപ്പലാണെങ്കിൽ തുറമുഖത്ത് താമസ സൗകര്യം

കൊല്ലത്തിനും നേട്ടം

ക്രൂയിസ് ടൂറിസം സർവീസ് കൊല്ലം പോർട്ടിനും ഏറെ പ്രയോജനം ചെയ്യും. യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾ കൊല്ലം തുറമുഖത്തിറങ്ങി ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സാദ്ധ്യതയുണ്ട്. സ്വന്തമായി കപ്പൽ വാങ്ങി കൊല്ലം അടക്കമുള്ള തുറമുഖങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കപ്പൽ സർവീസ് നടത്താൻ മാരിടൈം ബോർഡിനും ആലോചനയുണ്ട്.

പദ്ധതി രൂപരേഖ തയ്യാറാക്കാൻ ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറും കെ.എസ്.ഐ.എൻ.സി, മാരിടൈം ബോർഡ് എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

ടൂറിസം വകുപ്പ് അധികൃതർ