സ്കൂൾ മിനിബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് 21 വിദ്യാർത്ഥികൾക്ക് പരിക്ക്

Thursday 19 January 2023 12:29 AM IST

കൊല്ലം: അമിത വേഗത്തിൽ സഞ്ചരിച്ച സ്കൂൾ മിനി ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് 21 വിദ്യാർത്ഥികൾക്കും ആയയ്ക്കും ഡ്രൈവർക്കും നിസാര പരിക്കേറ്റു. ബസ് ഡ്രൈവർ പരവൂർ കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ പ്രശാന്തിനെ (33) കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

മയ്യനാട് എച്ച്.എസ്.എസിലെ ആറും ഏഴും ക്ലാസിലെ വിദ്യാർത്ഥികളുമായി വരികയായിരുന്ന മിനിബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളുടെ കൈയ്ക്കും ചില കുട്ടികളുടെ പല്ലിനും പൊട്ടലുണ്ട്. എല്ലാ വിദ്യാർത്ഥികളുടെയും കൈയ്ക്ക് പരിക്കുണ്ട്. രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മറ്റ് കുട്ടികളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മതിലിൽ ഇടിച്ചപ്പോഴും തുടർന്ന് മറിയുന്നതിനിടയിലും വാനിലെ കമ്പികളിൽ തട്ടിയാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്രത്.

ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ കല്ലുകുഴി ജംഗ്ഷനിലായിരുന്നു അപകടം. കരാറടിസ്ഥാനത്തിൽ സ്കൂൾ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ രാവിലെ 8.30ന് അപകടത്തിൽപ്പെട്ടത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്തു നിന്ന് ഉമയനല്ലൂർ ജംഗ്ഷനിലേക്ക് പോകവെ റോഡരികിൽ ഇടതുവശത്തെ വൈദ്യുതി തൂണിൽ വാൻ ഉരസി. പെട്ടെന്ന് വലത് ഭാഗത്തേക്ക് വാൻ വെട്ടിച്ചു. ഇതോടെ നിയന്ത്രണം തെറ്റി റോഡിന്റെ വലതുഭാഗത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് കുറുകെ മറിഞ്ഞു. അപകട ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടിക്കൂടിയ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് കുട്ടികളെയും ബസ് ഡ്രൈവറെയും പുറത്തെടുത്ത് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തന്നെ ബസ് റോഡിൽ നിന്ന് വശത്തേക്ക് മാറ്രി. സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ കൊട്ടിയം പൊലീസും മോട്ടോർ വാഹന വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും.