പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചു: കുമ്പാരി റസ്റ്റോറന്റ് അടപ്പിച്ചു

Thursday 19 January 2023 3:07 AM IST
പഴകിയ ഭക്ഷണം പിടിച്ചെടുത്ത കുമ്പാരി റസ്റ്റോറന്റ്

പറവൂർ: ചൊവ്വാഴ്ച 70ലേറെപ്പേർ ചികിത്സതേടിയ ഭക്ഷ്യവിഷബാധയെത്തുടർന്ന് കർശന പരിശോധന നടക്കുന്ന വടക്കൻ പറവൂരിൽ ഇന്നലെ വീണ്ടും മോശം ഭക്ഷണം പിടിച്ചു. ഇത് കണ്ടെടുത്ത അമ്മൻകോവിൽ റോഡിലുള്ള കുമ്പാരി റസ്റ്റോറന്റ് നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.

കടതുറക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ പാചകം ചെയ്തതും ചെയ്യാത്തതുമായ പഴകിയ ചിക്കൻ, ബീഫ്, മീൻ എന്നിവ കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള ചോറ്, വിവിധയിനം വേവിച്ച പച്ചക്കറികൾ, നിരവധി ദിവസങ്ങളിലായി പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടും. ഇവ നഗരസഭ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചു. സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം നഗരസഭ ഓഫീസിന് സമീപമുള്ള മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണംകഴിച്ച ഏഴുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് പരിഭ്രാന്തിയിലായിരിക്കെയാണ് തൊട്ടടുത്തുള്ള ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്.