ദൾ-എസ്,എൽ.ജെ.ഡി ലയനം ഉടൻ

Thursday 19 January 2023 3:41 AM IST

 7 ജില്ലകളുടെ വീതം അദ്ധ്യക്ഷപദം വീതിക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും ഒന്നാകുന്നു. എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജനതാദൾ-എസിലേക്ക് കേരളത്തിലെ ലോക് താന്ത്രിക് ജനതാദൾ ലയിക്കുന്നതിന്. ഇരു പാർട്ടി നേതൃത്വങ്ങളും പച്ചക്കൊടി കാട്ടിയതോടെ ,വൈകാതെ ലയന പ്രഖ്യാപനമുണ്ടാകും. ഏഴ് ജില്ലകളുടെ വീതം പാർട്ടി അദ്ധ്യക്ഷ പദവികൾ രണ്ട് പാർട്ടികളും വീതം വയ്ക്കാനാണ് ധാരണ.

കഴിഞ്ഞ ദിവസം ലോക് താന്ത്രിക് ജനതാദൾ നേതൃതല യോഗം ചേർന്ന് ലയനത്തിന് പച്ചക്കൊടി കാട്ടിയതിന് പിന്നാലെ, ഇന്നലെ ജനതാദൾ-എസ് ഭാരവാഹി യോഗം അതിനെ സ്വാഗതം ചെയ്തു. തുടർ ചർച്ചകൾക്കായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, ഡോ.എ. നീലലോഹിതദാസ് നാടാർ, ജോസ് തെറ്റയിൽ, കെ.എസ്. പ്രദീപ് കുമാർ, മുരുഗദാസ്, സാബു ജോർജ് എന്നിവരാണ് സമിതിയിൽ. ഒറ്റ പാർട്ടിയായി ഇനി പ്രവർത്തിക്കുമെന്നും, പദവികളല്ല ഐക്യമാണ് പ്രധാനമെന്നും മാത്യു.ടി.തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇടതുമുന്നണിയിൽ രണ്ട് പാർട്ടികളായി നിൽക്കാതെ ഒറ്റ പാർട്ടിയാവണമെന്ന് സി.പി.എം ഇരു പാർട്ടികളുടെയും നേതൃത്വങ്ങളോട് വ്യക്തമാക്കിയിരുന്നു. ജനതാദളെന്ന പരിഗണനയിലേ സീറ്റുകളുടെ കാര്യത്തിലടക്കം പരിഗണിക്കാനാവൂ എന്നും അവ്യക്തമാക്കി. മാത്യു.ടി. തോമസിനെയും എൽ.ജെ.ഡി പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിനെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇക്കാര്യം ധരിപ്പിച്ചതായാണ് വിവരം. പിന്നാലെയാണ് ലയനചർച്ച ഊർജിതമാക്കിയത്. ജെ.ഡി.എസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ആശീർവാദത്തോടെയാണ് ചർച്ചകൾ പുരോഗമിച്ചത്.

അഖിലേന്ത്യാതലത്തിൽ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഐക്യ ജനതാദൾ, രാഷ്ട്രീയ ജനതാദൾ, ഒഡിഷയിലെ ബിജു ജനതാദൾ, ഹരിയാനയിലെ രാഷ്ട്രീയ ലോക്‌ദൾ, ദക്ഷിണേന്ത്യയിലെ ജനതാദൾ-എസ് എന്നിവയെല്ലാം ഒറ്റ പാർട്ടിയാവുന്നതോടെ അഖിലേന്ത്യാടിസ്ഥാനത്തിൽ സമ്മർദ്ദഗ്രൂപ്പാകാനാണ് ജനതാ പരിവാറുകാരുടെ ശ്രമം..

ലയന

ചർച്ചകൾ :

1. പാർട്ടി ജെ.ഡി.എസ് സംസ്ഥാന ഘടകം.

2. പ്രസിഡന്റ്, മന്ത്രി പദം ജെ.ഡി.എസിന്

3. സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ എൽ.ജെ.ഡിക്ക്

എൽ.ജെ.ഡി ആഗ്രഹിക്കുന്ന 7 ജില്ലകൾ:

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, തിരുവനന്തപുരം.