സർക്കാർ കെട്ടിടങ്ങളിൽ നാലുകെട്ടും നടുമുറ്റവും

Thursday 19 January 2023 3:55 AM IST

 പി.ഡബ്ളിയു.ഡിയിൽ ഗ്രീൻ ബിൽഡിംഗ് നയം

തിരുവനന്തപുരം: നാലുകെട്ടും നടുമുറ്റവുമൊക്കെയായി, പുതുതായി നിർമ്മിക്കുന്ന സർക്കാർ ഓഫീസ് കെട്ടിടങ്ങളെ പരിസ്ഥിതി സൗഹൃദമാക്കി വൈദ്യുതി ചെലവടക്കം കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് ബിൽഡ‌ിംഗ് വിഭാഗത്തിന്റെ പദ്ധതി. കാലാവസ്ഥാ വ്യതിയാനവും

ഭാവിയിലുണ്ടാകുന്ന ഊർജ പ്രതിസന്ധിയുമൊക്കെ കണക്കിലെടുത്ത് നടപ്പാക്കുന്ന ഗ്രീൻ ബിൽഡിംഗ് നയത്തിന്റെ ഭാഗമായാണിത്.

കെട്ടിടത്തിനുള്ളിലെ ചൂടു കുറച്ചും കാറ്റും വെളിച്ചവും സുഗമമായി ലഭിക്കത്തക്ക വിധത്തിലുമാകും നിർമ്മാണം. കേരളത്തിന്റെ തനത് വാസ്തുശില്പ രീതിയെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുയോജ്യമാക്കിയാണ് പരിഷ്കാരം. പാളയത്ത് പുനർനിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റൽ കെട്ടിടവും നേമത്തെ നിർദ്ദിഷ്ട രജിസ്ട്രേഷൻ കോംപ്ളക്സും പത്തനംതിട്ട കളക്ടറേറ്റ് മന്ദിരവും ഈ രീതിയിലാകും നിർമ്മിക്കുക.

സോളാർ എനർജി പരമാവധി ഉപയോഗപ്പെടുത്തും. മലിന ജലം സംസ്കരിച്ച് പൂന്തോട്ടം നനയ്ക്കാനുൾപ്പെടെ ഉപയോഗിക്കും. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം. പരിസ്ഥിതി സൗഹൃദ വസ്തുക്കളാകും നിർമ്മാണത്തിന് ഉപയോഗിക്കുക. പരിസ്ഥിതി, സാമൂഹ്യ, സാമ്പത്തിക സുസ്ഥിരതയാണ് ഗ്രീൻ ബിൽഡിംഗ് നയത്തിന്റെ ലക്ഷ്യം.

വൈദ്യുതി ലാഭം

കാറ്റും വെളിച്ചവും സുഗമമായി ലഭിക്കുന്ന നിർമ്മിതിയിലൂടെ ലൈറ്റ്, ഫാൻ, എ.സി എന്നിവയുടെ ഉപയോഗം കുറയ്ക്കാനാകും. സെൻസർ ലൈറ്റുകളും ഫാനുകളുമാകും ഘടിപ്പിക്കുക. സീറ്റിൽ ആളുള്ളപ്പോൾ മാത്രം ഇവ പ്രവർത്തിക്കുന്നതിനാൽ അനാവശ്യ ഉപയോഗം തടയാം.

വാഷ് ബേസിനുകളിലും ടോയ്ലെറ്റുകളിലും സെൻസർ ഉപകരണങ്ങൾ. അതിലൂടെ വെള്ളത്തിന്റെ ഉപയോഗവും നിയന്ത്രിക്കാം. നിർമ്മാണത്തിന് ചെലവ് അല്പം കൂടുമെങ്കിലും ഇവയുടെ ഉപയോഗത്തിലെ കുറവ് ഉൾപ്പെടെ നേട്ടങ്ങൾ കണക്കാക്കുമ്പോൾ ഗ്രീൻ ബിൽഡിംഗ് മികച്ചതാണെന്ന് നി‌ർമ്മാണ വിദഗ്ദ്ധർ പറയുന്നു.

''പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ രീതിയിലേക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗം മാറിയതിന്റെ ഭാഗമാണ് പരിഷ്കാരം. ഐ.ടി മേഖലകളിലെ കെട്ടിടങ്ങൾ മിക്കതും ഇത്തരത്തിലാണ് നിർമ്മിക്കുന്നത്.

- ബീന.എൽ, ചീഫ് എൻജിനിയർ,

പി.ഡബ്ളിയു.ഡി കെട്ടിടവിഭാഗം