കുഷ്ഠരോഗ നിർണയത്തിന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തും

Thursday 19 January 2023 3:57 AM IST

 രണ്ടാഴ്ചത്തെ അശ്വമേധം കാമ്പെയിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തുന്ന കുഷ്ഠരോഗ നിർമ്മാർജ്ജന കാമ്പെയിന് ഇന്ന് തുടക്കമാകും. കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന് രാവിലെ 11ന് പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കുട്ടികളിൽ ഉൾപ്പെടെ, കേരളത്തിൽ പതിനായിരത്തിൽ 0.13 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 6 മുതൽ 12 മാസം വരെയുള്ള ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ സമയം എടുക്കും.

കുഷ്ഠരോഗം

മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി വായുവിലൂടെ പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാം. ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ പകരില്ല.

ലക്ഷണങ്ങൾ

തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ

 തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക, സ്പർശനശേഷി കുറവ്.

നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം

വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങൾ

കണ്ണടയ്ക്കാനുള്ള പ്രയാസം