ലക്ഷദ്വീപ് മുൻ എം.പി ഉൾപ്പെട്ട വധശ്രമക്കേസ് : കൗണ്ടർ കേസ് പരിഗണിക്കാതെ ശിക്ഷിച്ചെന്ന് പ്രതികളുടെ വാദം

Thursday 19 January 2023 3:59 AM IST

കൊച്ചി: മുൻ കേന്ദ്രമന്ത്രി പി.എം. സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തങ്ങൾ നൽകിയ കൗണ്ടർ കേസ് പരിഗണിക്കാതെയാണ് കവരത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചതെന്ന് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചു.

അക്രമ സംഭവങ്ങളിൽ കൗണ്ടർ കേസുണ്ടെങ്കിൽ അതുകൂടി പരിഗണിച്ച വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം തങ്ങളുടെ കേസിൽ പാലിച്ചില്ലെന്നാണ് ,വിചാരണക്കോടതി വിധിച്ച പത്തു വർഷത്തെ തടവുശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ പ്രതികളുടെ വാദം..

ഇക്കാര്യം വിചാരണക്കോടതിയിൽ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. അതു പ്രോസിക്യൂഷന്റെ ചുമതലയാണെന്ന് പ്രതി ഭാഗം വ്യക്തമാക്കി. ശിക്ഷ സസ്പെൻഡ് ചെയ്യുന്നതിനെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു എതിർത്തു. പ്രതികൾ സ്വാധീനശക്തിയുള്ളവരാണ്. ശിക്ഷ സസ്പെൻഡ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം വാദിച്ചു.

തുടർന്ന്, കവരത്തി സെഷൻസ് കോടതിയിൽ നിന്ന് കേസിന്റെ രേഖകൾ വിളിച്ചു വരുത്താൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയ ജസ്റ്റിസ് എ. ബദറുദ്ദീൻ, അപ്പീൽ അടുത്ത വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ അക്രമത്തിൽ മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികൾക്കാണ് കവരത്തി കോടതി ശിക്ഷ വിധിച്ചത്.