പ്രസവത്തെ തുടർന്ന് 23കാരി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ബന്ധുക്കൾ

Thursday 19 January 2023 12:50 PM IST

വയനാട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിന്റെ ഭാര്യ നുസ്റത്ത് (23) ആണ് മരിച്ചത്. ജനുവരി 16നാണ് നുസ്റത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കൾ.

17ന് സിസേറിയനിലൂടെ നുസ്റത്ത് പെൺകു‌ഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ നുസ്റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മരണപ്പെടുകയുമായിരുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരേതനായ തച്ചംപൊയില്‍ കുഞ്ഞി മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകളാണ് നുസ്‌റത്ത്. രണ്ടര വയസുകാരന്‍ മുഹമ്മദ് നഹ്‌യാന്‍ മകനാണ്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് സംസ്‌കരിക്കും.