നിയമവിരുദ്ധ മത്സ്യ ബന്ധനം: രണ്ട് ബോട്ടുകൾ പിടിയിൽ
വൈപ്പിൻ: ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനകളിൽ രണ്ട് ബോട്ടുകൾ പിടിയിലായി.രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ പെർമിറ്റ്, കളർ കോഡ് എന്നിവ ഇല്ലാതെ തമിഴ്‌നാട് നിന്ന് മത്സ്യ ബന്ധനത്തിനായി എത്തിയ എം. റിതിക്ക് എന്ന ബോട്ടും കാളമുക്ക് ഹാർബറിൽ ചെറു മൽസ്യ ബന്ധനം നടത്തിയ ബോട്ടുമാണ് പിടിയിലായത്.
കാളമുക്ക് കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന സെന്റ് ജോർജ് 2എന്ന ബോട്ടാണ് ചെറു മത്സ്യങ്ങൾ സഹിതം പിടിയിലായത്.
തമിഴ്‌നാട് ബോട്ടിന് 90000 രൂപ പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 1,44,850 രൂപ സർക്കാരിലേയ്ക്ക് അടപ്പിച്ചു. ചെറു മത്സ്യബന്ധനം നടത്തിയ ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 1,61,270 രൂപ സർക്കാരിലേക്ക് അടപ്പിച്ചു. പിടിച്ചെടുത്ത ചെറു മത്സ്യം കടലിൽ നിക്ഷേപിച്ചു. ഇന്നലെ പിഴ അടച്ച ശേഷം ബോട്ടുകൾ വിട്ട് നൽകി.
വൈപ്പിൻ ഫിഷറീസ് അസി.ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വി.ജയേഷ് , ഹെഡ് ഗാർഡ് സുരേഷ് , റെസ്‌ക്യൂ ഗാർഡുമാറായ ഗോപാലകൃഷ്ണൻ, ജസ്റ്റിൻ, ഷെല്ലൻ എന്നിവർ അടങ്ങുന്ന സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർ നടപടികൾ സ്വീകരിച്ചു.