വേദന ഫീൽ ചെയ്യാത്ത അരുൺ മുഖ്യമന്ത്രിയോട് ചോദിച്ചു ഒരു ജോലി തരാമോ സാർ...

Friday 20 January 2023 1:08 AM IST

മുന്നിൽ ജീവിത വഴിയുണ്ട്: കെൽട്രോൺ സുവർണ്ണ ജൂബിലി ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ജോലി തരാമോ സാർ എന്ന് ചോദിക്കുന്ന ഭിന്നശേഷിക്കാരൻ അരുൺ ചന്ദിനനോട് പ്രതികരിക്കുന്ന മുഖ്യമന്ത്രി

തിരുവനന്തപുരം: 'ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്,​ ഒരു ജോലി തരാമോ സാർ...." ഇന്നലെ കെൽ​ട്രോണിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോട് അരുൺ ചന്ദ് (25)​ ചോദിച്ചത് ഇതായിരുന്നു. അത്യപൂർവ നാ‌ഡീരോഗമായ ന്യൂറോകാന്തോസൈറ്റോസിസ് ബാധിച്ചയാളാണ് കരകുളം മുല്ലശേരി ലക്ഷംവീട് സ്വദേശിയായ അരുൺ. ഇലക്ട്രോണിക്സിൽ ഐ.ടി.ഐ ഡിപ്ളോമ നേടിയ അരുൺ കരകുളം കെൽട്രോണിൽ നിന്ന് ഒരുവർഷത്തെ അപ്രന്റീസ്‌ഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. 80 ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് 25 മീറ്റർ നടന്നാൽ ഡിസ്‌ക് തെറ്റും. അതിനാൽ പിതാവ് കെ.ജയചന്ദ്രൻ നായരാണ് അരുണിനെ എല്ലായിടത്തും സ്കൂട്ടറിൽ കൊണ്ടുപോകുന്നത്. ചിലപ്പോൾ സുഹൃത്തുക്കൾ സഹായിക്കും. വ്യവസായ വകുപ്പിന് അപേക്ഷ നൽകാൻ മുഖ്യമന്ത്രി അപ്പോൾത്തന്നെ നിർദ്ദേശിക്കുകയും ചെയ്തു.

 വേദന അറിയില്ല,​ വിയർക്കുകയുമില്ല ഒന്നേകാൽ വയസുള്ളപ്പോഴാണ് കുടുംബത്തിന് തീരാദുഃഖം നൽകി അരുണിനെ ന്യൂറോ സംബന്ധമായ രോഗം ബാധിച്ചത്. നടന്നുതുടങ്ങുന്ന പ്രായം. ഒരുദിവസം പെട്ടെന്ന് ഇടതുകാൽ തറയിൽ ഊന്നാതെയായി. തുടർന്ന് എസ്.എ.ടിയിൽ ചികിത്സ. ചികിത്സയ്ക്കിടെ വലതുപൃഷ്ഠത്തിൽ നീരുവന്നു. ഉടൻ മെഡിക്കൽ കോളേജിലെ ഓർത്തോയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ ഈ ഭാഗത്തെ ജോയിന്റ് ഇളകിയതായി കണ്ടെത്തി. തുടർന്ന് പ്ളാസ്റ്ററിട്ടു. ശരീരം അനങ്ങാൻ തുടങ്ങിയതോടെ ജോയിന്റ് വീണ്ടും ഇളകി. ജോയിന്റ് വീണ്ടും പിടിച്ചിട്ടെങ്കിലും വലതുഭാഗം സ്ഥിരമായി ചരിഞ്ഞുപോയി. പിന്നാലെ അരുൺ ചുണ്ട് കടിക്കാനും തുടങ്ങി. ഒരിക്കൽ കടിച്ചാൽ വേദനിക്കുമെന്ന് അറിയാവുന്ന ഏത് കുട്ടിയും പിന്നെ കടിക്കില്ല. എന്നാൽ,​ അരുൺ പലതവണ ചുണ്ട് കടിച്ചുമുറിച്ചു. ഒരിക്കൽ ചൂട് ദോശക്കല്ല് കൈ കൊണ്ട് എടുക്കാനും ശ്രമിച്ചു. പൊള്ളലേറ്റ അരുണിന്റെ കൈകൾ നോക്കി മാതാപിതാക്കൾ കണ്ണീരൊഴുക്കിയപ്പോൾ അരുൺ ഒന്നുമറിയാതെ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചു. ഇതോടെ മാതാപിതാക്കൾ അരുണിനെ വീണ്ടും എസ്.എ.ടിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ അരുണിന് വേദന അറിയാനാകുന്നില്ലെന്ന് കണ്ടെത്തി. ആറ് പല്ലുകൾ മാത്രമാണ് അരുണിനുള്ളത്. അരുണിന്റെ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കെൽട്രോണിലെ ജീവനക്കാരനായ പിതാവ് ജയചന്ദ്രൻ 2024 മേയിൽ വിരമിക്കും. അതിനുമുമ്പ് മകന് ഒരു ജോലി കിട്ടണേയെന്നാണ് പ്രാർത്ഥന. ഭാര്യ ഉഷാകുമാരി ബാങ്കിലെ കളക്ഷൻ ഏജന്റാണ്.