കൂട്ടുകൂടി ചക്ക പങ്കിട്ടു; ലാഭം കൊയ്യാൻ കമ്പനിയായി. ഏഴു മാസത്തെ വിറ്റുവരവ് ഒരു കോടി
തൃശൂർ: ചക്കക്കൊതിയന്മാരായ ആറു പേർ ഒത്തുകൂടിയപ്പോൾ പിറന്നത് ലാഭം കൊയ്യാൻ പര്യാപ്തമായ ഒരു സ്റ്റാർട്ടപ്പ് കമ്പനി. രുചിയൂറുന്ന ചക്കവിഭവങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. പച്ചച്ചക്കപ്പൊടിയും ചിപ്സുമൊക്കെയുണ്ടാക്കി കൊച്ചിയിലെ സൂപ്പർമാർക്കറ്റുകളിലെത്തിച്ച് വിറ്റായിരുന്നു തുടക്കം. തരക്കേടില്ലെന്നു കണ്ടപ്പോൾ മൂന്നു വനിതകൾക്ക് പരിശീലനം നൽകി, കട് ലറ്റ്, ബർഗർ, ചിപ്സ് തുടങ്ങിയവയുണ്ടാക്കി വിപണിയിലെത്തിച്ചു. കച്ചവടം ഒന്നുകൂടി മെച്ചപ്പെട്ടപ്പോൾ ഒന്നരക്കോടി മുടക്കി യന്ത്രങ്ങളുൾപ്പെടെ വാങ്ങി എറണാകുളം കടയിരിപ്പിൽ ഓഫീസും പ്ളാന്റും സ്ഥാപിച്ചു, പേര് ചക്കക്കൂട്ടം ഇന്റർനാഷണൽ പ്രെെവറ്റ് ലിമിറ്റഡ്. ഏഴു മാസത്തെ വിറ്റുവരവ് ഒരു കോടി.
മൂന്ന് സ്റ്റാർട്ടപ്പുകളുള്ള മനു ചന്ദ്രൻ (കാക്കനാട്), ഫോട്ടോഗ്രാഫർ അശോക്റാം (പാലാരിവട്ടം), ബയോമെഡിക്കൽ എൻജിനിയർ അനിൽജോസ് (തമ്മനം), ഭക്ഷ്യസംസ്‌കരണ രംഗത്തുള്ള വിപിൻകുമാർ (പാലാരിവട്ടം), സാബു അരവിന്ദ് (വൈറ്റില), യന്ത്രനിർമ്മാണ രംഗത്തുള്ള ബോബൻ ജോസഫ് (പെരുമ്പാവൂർ) എന്നിവരാണ് കൂട്ടുകൂടിയത്. അശോക് റാം ചെയർമാൻ. മനു ചന്ദ്രൻ സി.ഇ.ഒ. എല്ലാവരും 'ചക്കക്കൂട്ടം" വാട്സ് ആപ് ഗ്രൂപ്പിലൂടെ ചങ്കുകളായവർ.
കഴിഞ്ഞ മേയിൽ തുടങ്ങിയ കമ്പനിക്കിപ്പോൾ ചക്ക, വാഴപ്പഴം ഇനങ്ങളിലായി 14 വിഭവങ്ങളുണ്ട്. ചക്കപ്പഴം പാലട മിക്സ് വിപണിയിലിറക്കിയത് വ്യവസായ മന്ത്രി പി. രാജീവാണ്. കോയമ്പത്തൂരിലും ഡൽഹിയിലും ഗോവയിലും ഡീലർമാരുണ്ട്. കയറ്റുമതിക്ക് വിദേശത്തേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്.
100 കോടി വാർഷിക വിറ്റുവരവുളള കമ്പനിയാക്കുകയാണ് ലക്ഷ്യം. അതിനായി വിദേശത്തും ഡിമാന്റുള്ള ചക്കവിഭവങ്ങളുടെ ഫ്ളേവറുകൾ പഠിക്കുകയും പരീക്ഷിക്കുകയും ചെയ്യുകയാണ്.
ചക്കക്കൂട്ടം
2018ൽ അനിൽ ജോസുണ്ടാക്കിയ ചക്കക്കൂട്ടം വാട്സ് ആപ് ഗ്രൂപ്പിൽ ചക്കയറിവുകൾ പങ്കിട്ട് ചർച്ച നടത്താറുണ്ട്. വിദേശമലയാളികളുമുള്ള ഗ്രൂപ്പിലെ അംഗബലം 50,000. അംഗങ്ങൾക്ക് ചക്കസംസ്കരണം, മൂല്യവർദ്ധിത വിഭവങ്ങളുണ്ടാക്കൽ, സംരംഭം എന്നിവയിൽ വിദഗ്ദ്ധരെക്കൊണ്ട് പരിശീലനവും സാങ്കേതിക, വിപണന നിർദ്ദേശങ്ങളും നൽകും. ഒമ്പത് മാസമായി ആഴ്ചയിലൊരു വെബിനാർ വീതം നടത്തിവരുന്നു.
ലഭ്യമാകുന്ന ചക്ക പരമാവധി ഉപയോഗിക്കും. കയറ്റുമതിയിലൂടെ ഇക്കൊല്ലം അഞ്ചു കോടി വിറ്റുവരവ് ലക്ഷ്യമിടുന്നു.
മനു ചന്ദ്രൻ,
സി.ഇ.ഒ