ജോസിന്റെ സമ്മർദ്ദത്തിന് സി.പി.എം വഴങ്ങി: പാലായിൽ ബിനു തെറിച്ചു; ജോസിൻ നഗരസഭാദ്ധ്യക്ഷ

Friday 20 January 2023 12:00 AM IST

പാലാ: അവസാന നിമിഷം വരെ ജോസ് കെ.മാണി ഉയർത്തിയ സമ്മർദ്ദത്തിന് കീഴടങ്ങിയ സി.പി.എം അഡ്വ. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെ, സി.പി.എം സ്വതന്ത്ര ജോസിൻ ബിനോ പാലാ നഗരസഭാദ്ധ്യക്ഷയായി. ഏഴര പതിറ്റാണ്ട് പിന്നിട്ട പാലാ നഗരസഭയെ ചരിത്രത്തിലാദ്യമായാണ് സി.പി.എം അംഗം നയിക്കുന്നത്.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക അംഗമായ ബിനുവിനായി സി.പി.എം പ്രാദേശിക നേതൃത്വം നില കൊണ്ടെങ്കിലും ,ജോസ് കെ.മാണിയെ എതിർക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ഒടുവിൽ അംഗീകരിക്കുകയായിരുന്നു.രാവിലെ നടന്ന ഏരിയാ കമ്മറ്റി യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ബിനുവിന്റെ പേരാണ് ഉയർന്നത്. എന്നാൽ ,പാർലമെന്റ്

തിരഞ്ഞെടുപ്പടക്കം വരുന്ന സാഹചര്യത്തിൽ പാലായിലെ പ്രാദേശിക വിഷയത്തിന്റെ പേരിൽ ജോസിനെ പിണക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കിയത്. പാലായിലെ സി.പി.എം അണികളിൽ വ്യാപക പ്രതിഷേധമുണ്ടെന്നും, ജോസ് കെ.മാണിക്ക് മുമ്പിൽ കീഴടങ്ങുന്നത് തെറ്റായ സന്ദേശം അണികളിലുണ്ടാക്കുമെന്നും ഏരിയാ കമ്മറ്റിയംഗങ്ങൾ പറഞ്ഞു. എന്നാൽ ,മുന്നണി സംവിധാനത്തിന് യാതൊരു പോറലും വരുത്തരുതെന്ന തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം.രാധാകൃഷ്ണൻ കമ്മിറ്റിയിൽ അറിയിച്ചു. തുടർന്ന് പാർലമെന്ററി പാർട്ടി യോഗം ജോസിൻ ബിനോയുടെ പേര് അംഗീകരിച്ചു.

പിന്നീട്,നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രതിഷേധ സൂചകമായി കറുത്ത വേഷം ധരിച്ചാണ് ബിനു എത്തിയത്. എന്നാൽ ,പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്തു. 26 അംഗ നഗരസഭാ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ജോസിൻ ബിനോയ്ക്ക് 17 വോട്ടും,. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വി.സി പ്രിൻസിന് 7 വോട്ടും ലഭിച്ചു. സ്വതന്ത്ര അംഗം ജിമ്മി ജോസഫ് നിഷ്പക്ഷത പ്രഖ്യാപിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടാത്തതിനാൽ അസാധുവായി. ജോസിൻ ബിനോയുടെ പേര് മുൻ ചെയർമാൻ ആന്റോജോസ് പടിഞ്ഞാറേക്കര നിർദ്ദേശിച്ചു. സി.പി.ഐ അംഗം ആർ.സന്ധ്യ പിൻതാങ്ങി.

ഇത് ചതിയുടെ ദിനം:

ജോസിനെ വിമർശിച്ച് ബിനു

വോട്ടെടുപ്പ് കഴിഞ്ഞിറങ്ങിയ ബിനു ജോസ്.കെ.മാണിയെ രൂക്ഷമായി വിമർശിച്ചു.

നഗരസഭാ ഹാളിൽ താൻ കറുപ്പണിഞ്ഞെത്തിയത് പ്രതിഷേധ സൂചകമായല്ലെന്നും വിശദീകരിച്ചു.ജോസ് കെ.മാണിക്ക് തുറന്ന കത്തും ബിനു പുളിക്കക്കണ്ടം അയച്ചു.

പ്രിയ ജോമോൻ... എന്നു തുടങ്ങുന്ന കത്തിലെ ആദ്യ വാചകം ' മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല'. തിരഞ്ഞെടുപ്പിൽ ജനം തിരസ്‌ക്കരിക്കുന്നത് മൂലം രാഷ്ട്രീയ സൗഭാഗ്യങ്ങൾ നഷ്ടപ്പെടുന്നതിനേക്കാൾ വേദനാജനകമാണ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ വ്യക്തി വിരോധത്തിന്റെ പേരിൽ അംഗീകാരങ്ങൾ നിഷേധിക്കപ്പെടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

'' ജോസ് കെ.മാണിക്ക് ഇരട്ട വ്യക്തിത്വമാണ്. ഇത് ചതിയുടെ ദിനമാണ്.പ്രതികാര രാഷ്ട്രീയത്തിന്റേയും ചിലരുടെ അസഹിഷ്ണുതയുടേയും ഇരയായി മാറിയെങ്കിലും മോഹഭംഗമില്ല. ഇതിന്റെ പേരിൽ രാഷ്ട്രീയ ഒളിച്ചോട്ടം നടത്താനും തയ്യാറല്ല. രാഷ്ട്രീയ ഹിജഡകൾക്ക് കാലം മറുപടി നൽകും. ആരാണ് ചെയർമാനെന്ന് തീരുമാനിക്കേണ്ടത് അതാത് പാർട്ടിക്കാരാണ്. എന്നാൽ പ്രതികാരത്തിന്റേയും പകയുടേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയമാണ് കാണിക്കുന്നത്'' -ബിനു പറഞ്ഞു

Advertisement
Advertisement