തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം

Friday 20 January 2023 12:18 AM IST

 പ്രാരംഭ പഠന പ്രവർത്തനങ്ങൾ ഉടനാരംഭിക്കും

ചെർപ്പുളശ്ശേരി: തൂതപ്പുഴയ്ക്കു കുറുകെ പുതിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്ന് അധികൃതർ. മുണ്ടൂർ - തൂത നാലുവരിപ്പാത നിർമ്മാണത്തോടൊപ്പമാണ് പുതിയ പാലം നിർമ്മിക്കുന്നത്. വീതി കുറവായ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ പഠന പ്രവർത്തനങ്ങൾ അടുത്തദിവസം തുടങ്ങുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.

ഇതിനായി പുഴയുടെ ഒരു വശത്ത് മണ്ണിട്ട് ഉയർത്തി താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെ തോത്, ശക്തി, വ്യാപ്തി, ഒഴുക്കിന്റെ ഗതി എന്നിവയെല്ലാം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പഠിക്കേണ്ടതുണ്ട്. ഇതിനായി ഹൈഡ്രോളിക്ക് യന്ത്ര സാമഗ്രികൾ ഉൾപ്പടെ എത്തിക്കുന്നതിനാണ് പുഴയുടെ ഒരുവശത്ത് മണ്ണിട്ട് ഉയർത്തി താത്കാലിക സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ മഴക്കാലത്തിന് മുമ്പ് പുഴയിലെ ജലവിതാനമുൾപ്പടെ എല്ലാ കാര്യങ്ങളും പഠിച്ചശേഷമാകും പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കുക.

പാലക്കാട് - മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഇപ്പോഴുള്ള തൂതപ്പാലത്തിന് കാലപ്പഴക്കം ഏറെയുണ്ട്. തീരെ വീതി കുറവുള്ള ഈ പാലത്തിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും പ്രയാസമാണ്. അതുകൊണ്ടു തന്നെ നാലുവരിപ്പാതയുടെ പ്രയോജനം പൂർണമാവണമെങ്കിൽ പുതിയ പാലം അനിവാര്യമാണ്.
ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് പണി കഴിപ്പിച്ചതാണ് തൂതപ്പുഴക്കു കുറുകെ ഇപ്പോഴുള്ള പാലം, നടപ്പാതയുമില്ല. പാലത്തിന്റെ ബലക്ഷമത സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.
തൂതയിൽ പുതിയ പാലം എന്ന നാട്ടുകാരുടേയും യാത്രക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് നാലുവരി പാതയുടെ വരവോടെ പൂവണിയാൻപോവുന്നത്.

Advertisement
Advertisement