വന്യജീവികളെ തുരത്താൻ മാസ്റ്റർപ്ലാൻ തയ്യാറാക്കും
റാന്നി :വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തടയാൻ റാന്നിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ തീരുമാനമായി. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. എം.എൽ.എ , ജില്ലാ കളക്ടർ , റാന്നി, കോന്നി ഡി.എഫ് .ഒാമാർ എന്നിവർ അടങ്ങുന്ന ഒരു നോഡൽ കമ്മിറ്റി രൂപീകരിക്കും. വനമേഖലയോട് ചേർന്നുകിടക്കുന്ന ആന , കടുവ, പുലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം നേരിടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. റാന്നി നിയോജകമണ്ഡലത്തിലെ വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്ത് അതിർത്തികളിലാണ് കാട്ടു മൃഗങ്ങളുടെ ആക്രമണം രൂക്ഷമായുള്ളത്. സർക്കാരും ത്രിതല പഞ്ചായത്തുകളും യോജിച്ച് വനാതിർത്തിയിൽ നിന്നും കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനുള്ള സോളാർ വേലി ഉൾപ്പെടെയുള്ളവ നിർമ്മിക്കും. ഇതിന്റെ ആദ്യപടിയായി എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായും പ്രമോദ് നാരായൺ അറിയിച്ചു. പ്രമോദ് നാരായണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ,വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.പുകഴേന്തി, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി , റാന്നി ഡി.എഫ്.ഓ ജയകുമാർ ശർമ്മ, കോന്നി ഡി.എഫ്. ഒ ആയുഷ് കുമാർ , കോന്നി അഡീഷണൽ ഡെപ്യൂട്ടി കൺസർവേറ്റർ ദിനേശ് കുമാർ , പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എസ് .മോഹനൻ , ടി. കെ. ജയിംസ്, ലത മോഹനൻ , വൈസ് പ്രസിഡന്റ് രാജൻ നീറം പ്ലാക്കൽ. എന്നിവർ പ്രസംഗിച്ചു.