തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് മടങ്ങിയെത്തും

Thursday 19 January 2023 11:44 PM IST

പന്തളം: തിരുവാഭരണ ഘോഷയാത്രാസംഘം ഇന്ന് ശബരിമലയിൽ നിന്ന് തിരിച്ച് തിങ്കളാഴ്ച പന്തളത്ത് മടങ്ങിയെത്തും. 22ന് വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേരും. ഇവിടെ ആഭരണങ്ങൾ ദർശനത്തിനായി തുറന്നുവയ്ക്കും. 23 ന് പുലർച്ചെ ആറന്മുളയിൽ നിന്ന് തിരിച്ച് കുറിയാനപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴുമണിയോടെ പന്തളത്തെത്തുന്നത്. ഉള്ളന്നൂരിൽ വിവിധ സംഘടനകൾ സ്വീകരണമൊരുക്കും. ഇവിടെ പ്രഭാത ഭക്ഷണവുമുണ്ടാകും. കുളനട ഭഗവതി ക്ഷേത്രത്തിലും സ്വീകരണമുണ്ടാകും. കുളനടയിൽ നിന്ന് പന്തളത്തേക്കുള്ള വഴിയിൽ വിവിധ സംഘടനകളും ഭക്തരും സ്വീകരിക്കും. പന്തളം കൊട്ടാരത്തിലെത്തിക്കുന്ന ആഭരണപ്പെട്ടികൾ ദേവസ്വംബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവ്വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും മേടമാസത്തിലെ വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനായി തുറന്നുവയ്ക്കുന്നത്.