നാടകക്കളരിയുമായി എം.ജി. സോമൻ തീയേറ്റർ

Thursday 19 January 2023 11:46 PM IST

തിരുവല്ല: എം.ജി.സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി.സോമൻ ഫൗണ്ടേഷന്റെ കീഴിൽ എം.ജി. സോമൻ തിയേറ്ററിന് തുടക്കം കുറിക്കുന്നു. സ്കൂൾ, കോളേജ് തലത്തിൽ കുട്ടികളുടെ കഴിവുകളെ വളർത്തി ആത്മവിശ്വാസം നൽകാനും തുറന്ന സൗഹൃദങ്ങളിലൂടെ പുരോഗമന സ്വഭാവമുള്ള തലമുറയെ ലക്ഷ്യമിട്ടുമാണ് ഈ സംരംഭം. തിരുവല്ല നഗരസഭാ പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് അഭിനയ കളരി സംഘടിപ്പിക്കുന്നത്. സംവിധായകൻ ബ്ലസി ചെയർമാനായും ചലച്ചിത്ര താരങ്ങളായ കമലഹാസൻ, സുരേഷ് ഗോപി, സംവിധായകൻ ഹരിഹരൻ എന്നിവർ രക്ഷാധികാരികളുമായിരിക്കും. 21ന് ഇരുവള്ളിപ്പറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് ചലച്ചിത്രതാരം പ്രശാന്ത് ഉദ്ഘാടനം നിർവഹിക്കും. 26ന് രാവിലെ പത്തിന് കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ ചലച്ചിത്രതാരം കൈലാഷ് ഉദ്ഘാടനം നിർവഹിക്കും. 28ന് തിരുമൂലപുരം ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിലുമായി ആദ്യഘട്ടം നാടകക്കളരി പൂർത്തീകരിക്കും. മേയിൽ രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 30 കുട്ടികൾക്ക് 14 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ വില്യം ഗോൾഡിങ്ങിന്റെ നോബൽ സമ്മാനാർഹമായ "ലോർഡ് ഓഫ് ദ ഫ്ലൈസ് " എന്ന ഇംഗ്ലീഷ് നോവൽ അവലംബിച്ച എഴുതിയ സ്വതന്ത്ര നാടകം "ചായം തേച്ച മുഖങ്ങൾ" അരങ്ങേറും. സജി തുളസീദാസാണ് നാടക കളരിയുടെ ക്യാമ്പ് ഡയറക്ടർ.