പൊള്ളുന്ന വേനൽ, ദാഹിച്ച് നാട്

Thursday 19 January 2023 11:56 PM IST

കോന്നി : വേനൽ കടുത്തതോടെ മലയോരത്തെ നീരുറവകളും അരുവികളും വറ്റിവരളാൻ തുടങ്ങി. ഇതോടെ മലയോരമേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മലയടിവാരങ്ങളിലും കുന്നുകൾക്കു മുകളിലും താമസിക്കുന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്.മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളം വേനൽ ശക്തമായതോടെ വറ്റി . വരുംനാളുകളിൽ വേനൽ ശക്തമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണിപ്പോൾ. താത്കാലികമായെങ്കിലും ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ തീരാൻ ഇനിയും നാളുകൾ ബാക്കിനിൽക്കെ മുന്നോട്ടുള്ള നാളുകളിൽ കുടിവെള്ളക്ഷാമത്തെ എങ്ങനെ നേരിടുമെന്ന ആശങ്കിയിലാണ് മലയോരമേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ. അച്ചൻകോവിൽ, കല്ലാർ നദികളിലെ ജലനിരപ്പ് താഴ്ന്നു. കൊടും വേനലിൽ ജില്ലയിൽ തീപിടിത്തവും വ്യാപകമായിട്ടുണ്ട്. ഇതുവരെ 260 തീപിടിത്തങ്ങളാണ് അടിക്കാട് കത്തുന്നത് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂട് വിനയാകും, സൂക്ഷിക്കണം

അന്തരീക്ഷ താപം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് വർദ്ധിച്ചതോടെ തീപിടിത്തം ഉണ്ടാവാനുള്ള സാഹചര്യവും ഉണ്ട്.നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാദ്ധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമമെടുക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും അധികൃതർ അറിയിച്ചു.