രുചിയൂറും ബീച്ചിൽ ഇനി അഴകുള്ള ഉന്തുവണ്ടികൾ
കോഴിക്കോട്: ബീച്ചിലെത്തുന്നവർക്ക് രുചിയൂറും വിഭവങ്ങൾ നൽകുന്ന ഉന്തുവണ്ടികൾ ഇനി അഴകുള്ള കാഴ്ചയാകും. കോഴിക്കോട് ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യമിട്ട് കോർപ്പറേഷൻ ആവിഷ്ക്കരിച്ച പദ്ധതിയ്ക്ക് രൂപരേഖയായി. ഉന്തുവണ്ടിയുടെ മാതൃകയ്ക്കും പദ്ധതി പ്രദേശത്ത് വരുത്തുന്ന രൂപമാറ്റങ്ങൾക്കും ഇന്നലെ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി.
92 അംഗീകൃത ഉന്തുവണ്ടി കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഉന്തുവണ്ടി രൂപകൽപ്പന നിർവഹിച്ചത്. ഡി.എർത്ത് എന്ന സ്ഥാപനം നൽകിയ രൂപരേഖയ്ക്കാണ് അംഗീകാരമായത്. ഒരു ഉന്തുവണ്ടി നിർമ്മിയ്ക്കുന്നതിനായി 138465 രൂപയാണ് കണക്കാക്കുന്നത്. ഈ തുക കച്ചവടക്കാർ മുടക്കണം. അതിനായി പലിശയിൽ സബ്സിഡി ഉറപ്പാക്കി കേരള ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി നൽകുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. ഉന്തുവണ്ടിയ്ക്ക് അകത്തുനിന്നുകൊണ്ടു തന്നെ കച്ചവടം നടത്താനുള്ള സൗകര്യവും ഉണ്ടാവും. ബീച്ചിൽ നടപ്പാതയ്ക്ക് അരികിലായാണ് വിവിധ ക്ലസ്റ്ററുകളിലായി ഉന്തുവണ്ടികൾക്ക് സൗകര്യം ഒരുക്കുക. ക്ലസ്റ്റർ അടിസ്ഥാനത്തിൽ വൈദ്യുതിയും വെള്ളവും എത്തിയ്ക്കും. ബീച്ചിലേയ്ക്കുള്ള വഴികൾ തടസപ്പെടുത്താതെയാണ് സൗകര്യം ഒരുക്കുക. പ്രകൃതി സൗഹൃദവും കൂടുതൽ ഈട് ലഭിക്കുന്നതുമായ നിർമ്മാണ സാമഗ്രികളാണ് ഉപയോഗിക്കുക. ഷെൽഫ്, വാഷ് ബേസിൻ, ഗ്യാസ് ഉപയോഗിക്കാനുള്ള സൗകര്യം , സ്റ്റോറേജ് സംവിധാനം എന്നിവയെല്ലാം ഉണ്ടാകും.
അടിസ്ഥാന സൗകര്യ വികസനവുമായി 4. 08 കോടി രൂപയുടെ ഡി.പി.ആറാണ് ഡി.എർത്ത് സമർപ്പിച്ചത്. ഈ തുക കോർപ്പറേഷൻ മുടക്കും. ബീച്ച് വൃത്തിയാക്കി നിലനിറുത്തുക, ശുചിത്വ പ്രോട്ടോകോൾ പാലിക്കുക എന്നീ ഉദ്ദേശ്യത്തോടെ മലിന ജല സംസ്കരണ പ്ലാന്റ് നിർമ്മിയ്ക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് റിപ്പോർട്ട് പ്രകാരമുള്ള തുക കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഡി.പി.ആറിന് പോർട്ടിന്റെ എൻ.ഒ.സി ലഭ്യമാക്കിയതിന് ശേഷം കോർപ്പറേഷൻ സർക്കാരിന് സമർപ്പിക്കും.