ജില്ലാ സഹ. ആശുപത്രിയിൽ 'പൊതുജനാരോഗ്യ ഓഹരി '

Friday 20 January 2023 12:01 AM IST
ജില്ലാ സഹ. ആശുപത്രി

കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രി അമ്പതാം വാർഷികത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ ഓഹരി പദ്ധതി പുറത്തിറക്കുന്നു. കുറഞ്ഞ വരുമാനക്കാർക്ക് ചികിത്സാ സൗകര്യം നൽകുന്നതിനൊപ്പം ആശുപത്രിയുടെ ഓഹരികൂടി നൽകുന്നതാണ് പദ്ധതി. 10,000 രൂപയാണ് ഓഹരി വില. പരിശോധനകൾക്കും ആശുപത്രിവാസം ഉൾപ്പെടെയുള്ള ചികിത്സകൾക്കും ഓഹരി ഉടമയ്ക്ക് വർഷം തോറും ആനുകൂല്യങ്ങൾ പദ്ധതി മുഖേന ലഭ്യമാക്കും. 10,000 രൂപയുടെ ഓഹരി എടുക്കുന്നവർക്ക് ജനറൽ ഒ.പി വിഭാഗത്തിൽ ഫീസില്ലാതെ കൺസൾട്ടേഷൻ, സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ മൂന്ന് തവണ ഫീസില്ലാതെ കൺസൾട്ടേഷൻ, കിടത്തി ചികിത്സയിൽ 17 ഇനങ്ങളിൽ (മുറി വാടക, തിയറ്റർ ചാർജ്ജ്, ലബോറട്ടറി ചാർജ്ജുകൾ, യു.എസ്.ജി സ്‌കാൻ, ഐ.സി.യു ചാർജ്ജ് (ജനറൽ), ഇ.സി.ജി, ഇ.ഇ.ജി, ഇ.എം.ജി, എക്‌സറെ, കാർഡിയാക് ഐ.സി.യു, ടി.എം.ടി, എക്കോ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി പ്രൊസീജ്യർ, സി.ടി.സ്‌കാൻ, എം.ആർ.ഐ സ്‌കാൻ, ഹോൾട്ടർ) 20 ശതമാനം ഇളവ് നൽകും. വർഷത്തിൽ പരമാവധി നാലായിരം രൂപവരെ ഈ രീതിയിൽ ഓഹരി ഉടമയ്ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുമെന്ന് പ്രൊ.പി.ടി.അബ്ദുൽ ലത്തീഫ് ( ചെയർമാൻ ), കെ.കെ.ലതിക (വൈസ് ചെയർപേഴ്‌സൺ), എ. വി. സന്തോഷ്‌കുമാർ (സി. ഇ. ഒ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെയാണ് ഓഹരി സ്വീകരിക്കുക. ഡയറക്ടർമാരായ എ.കെ.രമേശ്, ടി.പി.ശ്രീധരൻ, അഡ്വ.കെ.ജയരാജ്, ശോഭ ടി.വി, കെ.രേണുക ദേവി, ടി.സി. ബിജുരാജ്, സന്നാഫ് പാലക്കണ്ടി എന്നിവരും പങ്കെടുത്തു.