വന്യജീവി ആക്രമണം: സമഗ്രപദ്ധതി പ്രഖ്യാപിക്കണം- ജോസ്.കെ.മാണി

Friday 20 January 2023 12:02 AM IST
ജോസ്.കെ.മാണി

കോഴിക്കോട്: ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാടിറങ്ങി വന്യമൃഗങ്ങൾ ആക്രമണം നടത്തുമ്പോൾ നടപടി വൈകുന്നത് ഒഴിവാക്കണം. അക്രമകാരികളായ മൃഗങ്ങളെ വെടിവയ്ക്കാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകൾ വനാതിർത്തിയിൽ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണം. വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ പൊളിച്ചെഴുതണം. മൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോൾ പ്രതിരോധത്തിനു ശ്രമിച്ചാൽ മനുഷ്യർ ജയിലിലാകുന്നതാണ് നിലവിലെ നിയമം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ യാഥാർത്ഥ്യം മനസിലാക്കണം. വന്യജീവി ആക്രമണങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് വാഹനാപകട ഇൻഷ്വറൻസ് മാതൃകയിൽ നഷ്ടപരിഹാരം നൽകണം. ഇതിനായി ട്രിബ്യൂണൽ രൂപീകരിക്കണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു.