സ്വർണത്തിന്റെ വാറ്റ് കുടിശിക: ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

Friday 20 January 2023 1:05 AM IST

കൊച്ചി: സംസ്ഥാനത്തെ സ്വർണ വ്യാപാരികളിൽ നിന്ന് മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്)​ കുടിശിക പിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. ചരക്ക്-സേവനനികുതി (ജി.എസ്.ടി)​ നടപ്പാക്കുന്നതിന് മുമ്പുണ്ടായിരുന്ന വാറ്റിന്റെ കുടിശിക പിരിക്കുന്നതിനെതിരെ സ്വ‌ർണ വ്യാപാരികൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സ്‌റ്റേ അനുവദിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ ജി.എസ്.ടിക്ക് മുമ്പുള്ള നികുതി കുടിശിക എഴുതിത്തള്ളുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്‌തിട്ടുണ്ട്. ജി.എസ്.ടിക്ക് മുമ്പുള്ള വരുമാനനഷ്‌ടം കേന്ദ്രം നികത്തിയിട്ടുമുണ്ട്. വാറ്റ് കുടിശികയുടെ പേരിൽ സ്വർണവ്യാപാരികൾക്കുമേൽ ഊതിവീർപ്പിച്ച കണക്കുകളാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥർ ചുമത്തിയിരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)​ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

യഥാർത്ഥത്തിൽ പിഴവ് 10,​000 രൂപയുടേതാണെങ്കിൽ ഒരുകോടി രൂപയുടെ അസെസ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തും. സാമ്പത്തികവർഷം മൂന്ന് ദിവസം മാത്രം പ്രവർത്തിച്ച സ്വർണ വ്യാപാരിക്ക് 195 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ടുള്ള നോട്ടീസ് പോലും നൽകി. മറ്റ് കേസുകളുടെയും സ്ഥിതി ഇത്തരത്തിൽ സത്യത്തിന്റെ കണികപോലുമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കട്ടി.

Advertisement
Advertisement