വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

Friday 20 January 2023 1:07 AM IST

കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് പി​ടി​യി​ലായത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ കൈക്കൂലി വേണമെന്ന് തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് .പി വി .ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ .എസ് .പി ഷാജു ജോസിന്റെ നേതൃത്വത്തിൽ, സി. ഐമാരായ ടിപ്‌സൺ തോമസ്, മഹേഷ് പിള്ള എസ് ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എൻ, സുരേഷ് കുമാർ ബി, പ്രദീപ് പി എൻ, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, എസ് .സി .പി ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി .ബി, ബിന്ദു ടി .ഡി, സുരേഷ് കെ .ആർ, ദിലീപ് കുമാർ എസ് .എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.