വന്യജീവി സങ്കേതം: തട്ടേക്കാട്, പമ്പാവാലി, ഏഞ്ചൽവാലി ഒഴിവാക്കും

Friday 20 January 2023 1:12 AM IST

തിരുവനന്തപുരം; തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.

ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കാനിരിക്കെ വനം വന്യജീവി ബോർഡ് കൈകൊണ്ട നിർദ്ദേശം ജനവാസമേഖലയിലുള്ളവർക്ക് ആശ്വാസം പകരും. ഇതു സംബന്ധിച്ച് കേന്ദ്ര വനം വന്യജീവി ബോർഡിന് ശുപാർശ നൽകും.

തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും പെരിയാർ ടൈഗർ റിസർവ്വിലെ പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവ്വിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം .പെരിയാർ ടൈഗർ റിസർവ്വ്1978 ലും തട്ടേക്കാട് പക്ഷി സങ്കേതം 1983ലുമാണ് രൂപീകൃതമായത്.

വനം വന്യജീവി ബോർഡ് വൈസ് ചെയർമാൻ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, വനം മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റിസർവ് വനം

വിട്ടുനൽകണം

സംസ്ഥാനം നൽകുന്ന ശുപാർശ പരിശോധിക്കാൻ കേന്ദ്ര വനം വന്യജീവി ബോർഡ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലേ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയൂ. ഒഴിവാക്കുന്ന ജനവാസ മേഖലയ്‌ക്ക്‌ തത്തുല്യമായ റിസർവ് വനം വിട്ടുകൊടുക്കണം.

നടപടികൾ പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കും.

Advertisement
Advertisement