കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്; മേൽനോട്ടം വാട്ടർ അതോറിട്ടി എം.ഡിക്ക്

Friday 20 January 2023 1:20 AM IST

തിരുവനന്തപുരം: ​തിരുവനന്തപുരം,​ എ​റ​ണാ​കു​ളം​ കോർപ്പറേഷനുകളിലെ കു​ടി​വെ​ള്ള​ വി​ത​ര​ണം സ്വ​കാ​ര്യ​ കമ്പ​നി​ക്ക് നൽകുന്നതിന് എ.ഡി.ബിയുമായി ചേർന്ന് നടപ്പാക്കുന്ന 2511 കോടി പദ്ധതിയുടെ മേൽനോട്ടത്തിനായി വാട്ടർ അതോറിട്ടി എം.ഡിയെ എ.ഡി.ബിയുടെ പ്രോജക്ട് ഡയറക്ടറായി സർക്കാർ നിയമിച്ചു. പ്രോജക്ട്സ് ആൻഡ് ഓപ്പറേഷൻസ് ചീഫ് എൻജിനിയറാണ് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ. ഈ രണ്ട് കോർപ്പറേഷനുകളിലെ കുടിവെള്ള വിതരണം സ്വകാര്യകമ്പനിക്ക് നൽകാൻ ധാരണയായതായി കേരളകൗമുദി ജനുവരി 16ന് റിപ്പോർട്ട് ചെയ്തിരുന്നു.

പൈലറ്റ് പദ്ധതിയെന്ന നിലയിൽ കൊച്ചിയെ 9 സോണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഏരിയയെ നാല് സബ് ഡിവിഷനുകളാക്കിയ ശേഷം വിഭജിച്ച് 9 സോണുകളാക്കും.

 ഓഫീസ് തുറന്നു പദ്ധതി നടത്തിപ്പിനായി വാട്ടർ അതോറിട്ടി ഹെഡ് ഓഫീസിലെ പ്രോജക്ട് ഇംപ്ളിമെന്റേഷൻ യൂണിറ്റിലെ (പി.ഐ.യു)​ ഉദ്യോഗസ്ഥർക്ക് പ്രോജക്ട് മാനേജ്മെന്റ് - എ.ഡി.ബി യൂണിറ്റിന്റെ ചുമതല നൽകി വാട്ടർ അതോറിട്ടി ഓഫീസ് തുറന്നു. കാലാവധി അവസാനിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓഫീസിനെ എ.ഡി.ബിയുടെ ഓഫീസാക്കുകയായിരുന്നു. ഇവയുടെ പൂർണ മേൽനോട്ടച്ചുമതല തിരുവനന്തപുരത്ത് വാട്ടർ അതോറിട്ടി ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പ്രോജക്ട് ഡയറക്ടർക്കാണ്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും സൂപ്രണ്ടിംഗ് എൻജിനിയർമാർ നേതൃത്വം നൽകുന്ന സർക്കിൾ ഓഫീസുകൾ പി.ഐ.യുകളായി പ്രവർത്തിക്കും. പി.ഐ.യുകളുടെ ഏകോപനത്തിന് കൊച്ചിയിലെ പ്രോജക്ട് പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് എൻജിനിയർ,​ തിരുവനന്തപുരം സൗത്ത് പബ്ളിക് ഹെൽത്ത് ഡിവിഷൻ ഇ.ഇ എന്നിവർക്ക് അധികച്ചുമതലയും നൽകി.

ഓഫീസ് ഘടന 1)​ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ - 4 2)​ അസി.എക്സിക്യുട്ടീവ് എൻജിനിയർമാർ - 14 3)​ അസി.എൻജിനീയർമാർ - 52 4)​ ഡി.എ.ഒ - 4 5)​ ജൂനിയർ സൂപ്രണ്ട് - 4 6)​യു.ഡി ക്ളാർക്ക് - 4