പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധരാണത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കണം:മന്ത്രി രാജീവ്

Friday 20 January 2023 1:22 AM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി പൊതുമേഖലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും 650കോടിരൂപയുടെ ദീർഘകാല വായ്പ നൽകണമെന്ന് മന്ത്രി പി.രാജീവ്.

റിയാബിന്റെ നേതൃത്വത്തിൽ മസ്‌കറ്റ് ഹോട്ടലിൽ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളുമായുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിദ്ധ്യവത്കരണത്തിനും വിപുലീകരണത്തിനുമായി 9000 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ 2000കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന 175 ഹ്രസ്വകാല പദ്ധതികൾ 41 പൊതുമേഖലാ സ്ഥാപനങ്ങളിലായി നടപ്പാക്കും. ഇതിന് വേണ്ട വായ്പയോടൊപ്പം പ്രവർത്തന മൂലധനമായി 750 കോടി രൂപയും ആവശ്യമുണ്ട്. റിയാബിന്റെ കീഴിൽ മാസ്റ്റർപ്ലാൻ അഡ്വൈസറുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റാണ് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതും വിലയിരുത്തുന്നതും. മാസ്റ്റർപ്ളാൻ പൂർത്തിയാകുന്നതോടെ സർക്കാർ ഖജനാവിലേക്ക് നികുതി ഇനത്തിലും മറ്റുമായി ലഭിക്കുന്ന 480 കോടി രൂപ ഇരട്ടിയാക്കാനാകുമെന്നും അതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.