കാലടിയിൽ മലയാള ഗവേഷണ പ്രവേശനം നിറുത്തിവയ്ക്കാൻ ഉത്തരവ്
Friday 20 January 2023 1:23 AM IST
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാള ഭാഷാവകുപ്പിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ നിറുത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യു.ജി.സി മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് പ്രവേശന നടപടികളെന്നാരോപിച്ച് തൃശൂർ സ്വദേശിനി തീർത്ഥാ മോഹൻ, എറണാകുളം സ്വദേശിനി ലെബി വിജയൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിട്ടത്. യു.ജി.സിയുടെ പരിഷ്‌കരിച്ച നിയമപ്രകാരം പ്രവേശനപരീക്ഷയ്ക്ക് 70 മാർക്കും അഭിമുഖത്തിന് 30 മാർക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ റാങ്ക്ലിസ്റ്റ് തയ്യാറാക്കണം.
എന്നാൽ പ്രവേശനപരീക്ഷയുടെ മാർക്ക് പൂർണമായും ഒഴിവാക്കി അഭിമുഖത്തിന്റെ മാർക്ക് മാത്രം അടിസ്ഥാനമാക്കി റാങ്ക്ലിസ്റ്റ് തയ്യാറാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം. ഹർജി 23ന് വീണ്ടും പരിഗണിക്കും.