ആർ.എസ്.പിയിൽ നേതൃമാറ്റത്തിന് സൂചന
കൊല്ലം: ആർ.എസ്.പിയിൽ നേതൃമാറ്റത്തിന് സൂചന നൽകി എ.എ.അസീസ്. ദേശീയ സമ്മേളനത്തിൽ തന്നെ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിരുന്നെന്ന് അസീസ് പറഞ്ഞു. താൻ എപ്പോഴും സ്ഥാനമൊഴിയാൻ സന്നദ്ധനാണ്. ദേശീയ സമ്മേളനത്തിൽ പുതുതായി ചുമതലയേറ്റ കേന്ദ്ര കമ്മിറ്റിക്കും നേതൃമാറ്റം വേണമെന്ന അഭിപ്രായമുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലും കേന്ദ്ര സെക്രട്ടേറിയറ്റിലും ചർച്ച ചെയ്ത് നേതൃമാറ്റം വേണോയെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതൃമാറ്റം സംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ ഐകകണ്ഠ്യേനയാണ് എ.എ.അസീസനെ സെക്രട്ടറിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി നേതൃമാറ്റം വേണമെന്നതിനോട് യോജിപ്പില്ല. വരുന്ന തിരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും ഷിബു പറഞ്ഞു. ഷിബു ബേബിജോൺ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയാകുമെന്ന കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും ഇതിന് മുന്നോടിയായി നടന്ന ജില്ലാ മണ്ഡലം സമ്മേളനങ്ങളിലും ആവശ്യമുയർന്നിരുന്നു. എന്നാൽ ഒരുതവണകൂടി സെക്രട്ടറിയായി തുടരാൻ മുതിർന്ന നേതാവ് എ.എ.അസീസ് താൽപര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ തന്നെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.