കൊല്ലത്ത് കോളിഫ്ളവർ പൂക്കാലം

Friday 20 January 2023 2:00 AM IST

കൊല്ലം: വാടകയ്ക്കെടുത്ത 90 സെന്റ് ഭൂമിയിൽ നിന്ന് 850 ഓളം കോളിഫ്ളവറുകൾ വിളവെടുക്കാനൊരുങ്ങുകയാണ് കിളികൊല്ലൂർ പുളിയത്ത്‌ മുക്കിൽ മാധവ മന്ദിരത്തിൽ എം.സജീവ്. പടവലം, പയർ, വെണ്ട, ചീര എന്നിവ കൃഷി ചെയ്യുന്ന സജീവ്, ശീതകാല പച്ചക്കറികളിൽ ജനപ്രിയമായ കോളിഫ്ളവർ കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാന വിളയായി കൃഷി തുടങ്ങിയത്. ഇപ്പോൾ പൂവിട്ട് പാകമായിത്തുടങ്ങി. ജനുവരി അവസാനമാകുമ്പോഴേക്കും വിളവെടുക്കാം. കിളികൊല്ലൂർ കൃഷി ഓഫീസർ ആർ.റിയാസിന്റെ സഹായത്തോടെ പ്ലാസ്റ്റിക് മൾച്ചിംഗ് രീതിയാണ് പരീക്ഷിച്ചത്.

ഒരു കോളിഫ്‌ളവർ 800ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കം വയ്ക്കും. 80 മുതൽ 100 രൂപ വരെയാണ് ശരാശരി വില. ഏഴ് വർഷമായി കൃഷി ഉപജീവനമാക്കിയ സജീവന് കോളിഫ്‌ളവർകൃഷി പുത്തൻ അനുഭവമാണ്.

കർഷകർ ചേർന്ന് വിപണനം

നാട്ടുപച്ച കാർഷിക സമിതി സെക്രട്ടറി കൂടിയായ സജീവിന്റെ നേതൃത്വത്തിലുള്ള കർഷകർ എല്ലാ ഞാറാഴ്ചയും രാവിലെ 6.30 മുതൽ 9 വരെ ആഴ്ചചന്ത നടത്തുന്നുണ്ട്. ഇതിലൂടെ 25000 രൂപയോളം വരുമാനം ലഭിക്കും. സമൂഹമാദ്ധ്യമങ്ങൾ വഴിയും വിപണനമുണ്ട്. കിളികൊല്ലൂർ കൃഷിഭവനിലെ മികച്ച കർഷകനുള്ള പുരസ്‌കാരം,​ ജില്ലയിലെ മികച്ച മൂന്നാമത്തെ കർഷകൻ,​ ഏറ്റവും മികച്ച അർബൻ മാർക്കറ്റിനുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തിയിട്ടുള്ള സജീവൻ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറാണ്.

പ്ലാസ്റ്റിക് മൾച്ചിംഗ് കൃഷിച്ചെലവ് ₹ 5000

ആകെ ചെലവ് ₹ 10000

ആഴ്ചയിൽ വരുമാനം ₹ 7000

പ്ലാസ്റ്റിക് മൾച്ചിംഗ്

കരിയില, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് 15 ദിവസം കൊണ്ട് നിലം ഒരുക്കും. വാനംകോരി പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ച ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. നിശ്ചിത അകലത്തിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി തൈകൾ നടും. ഇതിലൂടെ തൈകൾക്ക് പൂർണതോതിൽ വളം ലഭിക്കും. കള, ബാക്ടീരിയ എന്നിവയുടെ ഉപദ്രവം കുറയും.

സർക്കാരിന്റെ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് പുതിയ കൃഷിരീതികളും വിളകളും പരീക്ഷിച്ച് വിജയിച്ചത്.

ആർ.റിയാസ്,​ കൃഷി ഓഫീസർ

കിളികൊല്ലൂർ

Advertisement
Advertisement