ജയിച്ചെങ്കിലും ഉറപ്പായില്ല!

Friday 20 January 2023 4:55 AM IST

ഹോക്കി ലോകകപ്പ്: ഇന്ത്യ വെയ്ൽസിനെ കീഴടക്കി,

ക്വാർട്ടറിനായി ന്യൂസിലൻഡിനെ നേരിടും

ഭുവനേശ്വനർ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ നിർണായകമായ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ വെയ്ൽസിനെ 4-2ന് കീഴടക്കി. ജയിച്ചെങ്കിലും പൂളിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയ്ക്ക് ക്വാർട്ടറിൽ കടക്കണമെങ്കിൽ ന്യൂസിലൻഡ‌ുമായുള്ള ക്രോസ് ഓവർ മത്സരത്തിൽ ജയിക്കണം. ഇംഗ്ലണ്ട് പൂളിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്‌പെയിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി നേരിട്ട് ക്വാർട്ടറിൽ കടന്നു. ഇന്ത്യ വെയ്ൽസിനെതിരെ എട്ട് ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ ജയം നേടിയിരുന്നെങ്കിലേ ഇംഗ്ലണ്ടിനെ മറികടന്ന് നേരിട്ട് ക്വാർട്ടറിൽ എത്താനാകുമായിരുന്നുള്ളൂ. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഏഴ് പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഇംഗ്ലണ്ടിന് മുൻതൂക്കം ലഭിക്കുകയായിരുന്നു.ഇന്ത്യയ്ക്കായി അകശ് ദീപ് സിംഗ് രണ്ടുഗോളുകൾ നേടിയപ്പോൾ ഷംഷേറും ഹർമ്മൻപ്രീത് സിംഗും ഓരോതവണ ലക്ഷ്യം കണ്ടു. ഫുർലോംഗും ജേക്കബുമാണ് വെയ്ൽസിനായി സ്കോർ ചെയതത്.

ഡച്ചിന് റെക്കാഡ് ജയം

പൂൾസിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ചിലിയെ 14-0ത്തിന് കീഴടക്കി നെതർലൻഡ്സ് അജയ്യരായി ക്വാർട്ടറിൽ എത്തി. പുരുഷ ലോകകപ്പിൽ ഏറ്റവും ഉയർന്ന മാർജിനിലുള്ള ജയമാണിത്.