ഗോകുലത്തിന് ഇന്ന് നിർണായക പോരാട്ടം
കോഴിക്കോട് : ഗോകുലം കേരള എഫ്.സി ഇന്ന് ഐ. ലീഗിലെ നിർണായക മത്സരത്തിൽ റിയൽ കാശ്മീർ എഫ്.സിയെ നേരിടും. അവസാന മത്സരത്തിൽ പരാജയപ്പെട്ട ഗോകുലത്തിന് ഇന്ന് കോഴിക്കോട്ട് നടക്കുന്ന മത്സരം നിർണായകമാണ്. 11 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. അഞ്ച് ഹോം മത്സരങ്ങളും ആറ് എവെ മത്സരങ്ങളുമാണ് ഗോകുലത്തിന് ഇനിയുള്ളത്. സ്പാനിഷ് താരങ്ങളായ സെർജിയോ മെൻഡി, ഒമർ റാമോസ്, ജോബി ജസ്റ്റിൻ, കിർഗിസ്ഥാൻ സ്‌ട്രൈക്കർ എൽദാർ മൊൾഡോഷുനുസോവ് എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോണറ്റിന്റെ കീഴിൽ മികച്ച പ്രകടനമാണ് ഗോകുലം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ നവംബറിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയായിരുന്നു. 11 കളികളിൽ അഞ്ച് വിജയവും മൂന്ന് വീതം സമനിലയും തോൽവിയുമുള്ള റിയൽ കാശ്മീരിനും 18 പോയിന്റാണുള്ളത്. ഗോൾ ശരാശരയിൽ ഗോകുലത്തിന്റെ തൊട്ടുമുന്നിൽ നാലാമതാണ് റിയൽ കാശ്മീർ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു ഗോകുലത്തിന്റെ ഹോം മത്സരങ്ങൾ ഈ സീസണിൽ ഇതുവരെ നടന്നത്. ഇനിയുള്ള അഞ്ച് മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.