കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ മേളയിലെ സാന്നിദ്ധ്യം ഉപകരിക്കും; ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

Friday 20 January 2023 10:48 AM IST

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസം മേളയായ ഫിറ്റർ മാഡ്രിഡിന്റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് സ്‌‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമാനും രാജ്ഞി ലെറ്റീസിയയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ച സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ മേളയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

സ്‌പെയിനിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവത്തനങ്ങൾക്കു ഈ മേളയിലെ സാന്നിദ്ധ്യം ഉപകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസം മേളയായ FITUR മാഡ്രിഡിന്റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു സ്‌‌പെയിനിലെ നിലവിലെ രാജാവ് ഫിലിപ്പ് ആറാമാനും രാജ്ഞി ലെറ്റീസിയയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. പ്രശസ്തമായ ഈ മേളയുടെ ഉദ്‌ഘാടന ചടങ്ങിന് ശേഷം ഇന്ത്യ ടൂറിസം പവിലിയനിൽ വെച്ചാണ് ഈ കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്.

കൂടാതെ FITUR ടൂറിസം മേളയിലെ ഇന്ത്യ ടൂറിസം പവിലിയൻ ഉദ്‌ഘാടന ചടങ്ങിൽ സ്പെയിനിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ.ദിനേശ് പട്നായിക്, ഇന്ത്യ ടൂറിസം അഡിഷണൽ സെക്രട്ടറി രാകേഷ്‌ കുമാർ ശർമ്മ എന്നിവരോടൊപ്പം പങ്കെടുത്തു

സ്‌പെയിനിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവത്തനങ്ങൾക്കു ഈ മേളയിലെ സാന്നിദ്ധ്യം ഉപകരിക്കും.