മിന്നൽ ഹർത്താലിലെ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി,​ നടപടി ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ

Friday 20 January 2023 6:55 PM IST

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുൻ ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുനാഗപ്പള്ളി തഹസീൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈക്കോടതിയുടെ വിമ‌ർശനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടാൻ ലാൻഡ് റവന്യു കമ്മിഷണർ ജില്ലാ കളക്ടർക്ക് കത്തയച്ചിരുന്നു,​ ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ,​ വയനാട്,​ കാസർകോട്,​ തിരുവനന്തപുരം,​ കോട്ടയം,​ കൊല്ലം,​ എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

തൃശൂരിൽ കുന്നംകുളം താലൂക്കിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. റവന്യു അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത് , വയനാട്ടിൽ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. കാഞ്ഞങ്ങാട് നാലുപേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്ത് അഞ്ച് പി.എഫ്.ഐ നേതാക്കൾക്കെതിരെയാണ് നടപടി. കാട്ടാക്കട,​ വർക്കല,​ നെയ്യാറ്റിൻകര താലൂക്കുകളിലാണ് നടപടി. കോട്ടയം ജില്ലയിൽ 5 പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ മൂന്നുപേരുടെയും കാഞ്ഞിരപ്പള്ളി,​ ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആലുവയിൽ മൂന്നിടത്ത് സ്വത്തുക്കൾ കണ്ടുകെട്ടി.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ