പി.ടി ഏഴിനെ പൂട്ടാൻ ഒരുക്കം പൂർണ്ണം

Saturday 21 January 2023 12:58 AM IST
ധോണിയിൽ പി.ടി.ഏഴാമനെ പിടികൂടിയ ശേഷം നിറുത്താനായി തയ്യാറാക്കിയ കൂട്.

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിലിറങ്ങിയ പി.ടി ഏഴിനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഡോ.അരുൺ സക്കറിയ, ആർ.ആർ.ടി റേഞ്ച് ഓഫീസർ എൻ.രൂപേഷ് എന്നിവടങ്ങുന്ന സംഘം ആനയെ മയക്കുവെടി വെക്കുന്നതിന് സ്ഥല പരിശോധന നടത്തിയ ശേഷം യോഗം ചേർന്ന് ദൗത്യത്തിന് അന്തിമരൂപം നൽകി. വനം അസിസ്റ്റന്റ് കൺസർവേറ്റർ ബി.രഞ്ജിത്തിനാണ് ദൗത്യത്തിന്റെ ഏകോപന ചുമതല.

സൗകര്യപ്രദമായ സ്ഥലത്ത് ആനയെ കണ്ടെത്തിയാൽ ശനിയാഴ്ച പകൽ മയക്കുവെടിവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി അഞ്ച് സംഘങ്ങളായുള്ള ദൗത്യത്തിന്റെ അന്തിമ രൂപ രേഖയാണ് തയ്യാറാക്കിയത്. ഇതുവരെയുള്ള ഒരുക്കവും വിലയിരുത്തി. മയക്കുവെടി വയ്ക്കാനുള്ള ആയുധങ്ങളുടെ കാര്യക്ഷതയും ഉറപ്പാക്കി.

വയനാട് എലിഫന്റ് സ്‌ക്വാഡിലെ 26 പേരടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെയാണ് ധോണിയിലെത്തിയത്. മൂന്നാമത്തെ കുങ്കിയാന കോന്നി സുരേന്ദ്രനെയും വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ധോണിയിലെ സാറ്റലൈറ്റ് കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് ഇന്നലെ രാവിലെ വനം ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ആനയെ നിരീക്ഷിച്ചു. ഇന്നലെ രാത്രി പത്തോടെ ആന പുറത്തിറങ്ങുന്നത് തടയാൻ ആർ.ആർ.ടി സംഘം എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങി. പാലക്കാട് ഡിവിഷനിലെ 50 ജീവനക്കാരും ദൗത്യത്തിൽ ചേരും. ജനവാസ മേഖലയിൽ വച്ച് ആനയെ പിടിക്കുന്നത് അപകടമായതിനാൽ വനത്തോട് ചേർന്ന പ്രദേശത്ത് നിന്നാകും പിടിക്കുക. ഉടൻ ആനക്കൂട്ടിലേക്ക് മാറ്റും.

ആനയെ മയക്കുവെടി വച്ചാൽ കൂടിലെത്തിക്കാനുള്ള വഴി ഒരുക്കലും പൂർത്തിയായി. രണ്ട് ദിവസമായി പി.ടി ഏഴാമൻ ജനവാസ മേഖലയിൽ ഇറങ്ങാതെയും ഉൾക്കാട്ടിലേക്ക് പോകാതെയും വനം വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.

ഒരുക്കങ്ങൾ പൂർത്തിയായി

  • ഏഴാമനെ പിടികൂടിയാൽ നൽകാനുള്ള പ്രത്യേക ഭക്ഷണവും മരുന്നും തയ്യാറായി.
  • കാട്ടാനയെ പിടികൂടിയാൽ കൊണ്ടുവരാനുള്ള ലോറി ഒരുക്കി നിറുത്തി. ലോറിയുടെ പിന്നിൽ മരത്തടികൾ കൊണ്ടുള്ള കവചവും ഒരുക്കി.
  • ലോറിക്ക് പോകാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടി.
  • കൂട്ടിലെ ചൂട് കുറയ്ക്കാൻ ദിവസവും മണ്ണ് നനച്ചു കൊടുക്കുന്നുണ്ട്.