റിലയൻസ് ജിയോയ്ക്ക് 28% മൂന്നാംപാദ ലാഭക്കുതിപ്പ്

Saturday 21 January 2023 3:00 AM IST

മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം നടപ്പു സാമ്പത്തികവർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 28.3 ശതമാനം വളർച്ചയോടെ 4,638 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മൊത്ത വരുമാനം 19 ശതമാനം മുന്നേറി 22,998 കോടി രൂപയായി.

രണ്ടാംപാദത്തെ അപേക്ഷിച്ച് ലാഭവർദ്ധന മൂന്ന് ശതമാനമാണ്. എന്നാൽ, വരുമാനം 13.3 ശതമാനം ഇടിഞ്ഞു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകൾക്ക് ശേഷമുള്ള വരുമാനം (എബിറ്റ്ഡ) 26 ശതമാനം വർദ്ധിച്ച് 12,009 കോടി രൂപയായി. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു - ആവറേജ് റെവന്യൂ പെർ യൂസർ) രണ്ടാംപാദത്തിലെ 177.2 രൂപയിൽ നിന്ന് 178.2 രൂപയായി. മൊത്തം വരിക്കാർ 42.76 കോടിയിൽ നിന്നുയർന്ന് 43.29 കോടിയായി.

ജിയോ ട്രൂ5ജി കൂടുതൽ നഗരങ്ങളിലേക്ക്

ജിയോ ട്രൂ5ജി പദ്ധതി ഇപ്പോൾ 134 നഗരങ്ങളിൽ ലഭ്യമാണെന്നും 2023 ഡിസംബറോടെ രാജ്യമെമ്പാടും ലഭ്യമാക്കുമെന്നും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ജിയോ ഫൈബർ, ജിയോ എയർഫൈബ‌ർ എന്നിവയിലൂടെ 10 കോടി പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.