'അഞ്ജലി"യി​ലെ വീട്ടുകാരെല്ലാം രചനാവഴി​യി​ൽ

Saturday 21 January 2023 1:13 AM IST
. എഴുത്തുകാരായ കെ ജി .ഉണ്ണികൃഷ്ണൻ , ആർ. ഗീതാദേവി ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം

കളമശേരി: കുസാറ്റ് വിദ്യാനഗർ അഞ്ജലിയിലെ കുടുംബാംഗങ്ങൾ മുഴുവൻ കലാ, സാഹി​ത്യ വഴി​യി​ലാണ്. ഫാക്ട് ഗവേഷണ വിഭാഗം വകുപ്പ് മേധാവി​യായി​ വി​രമി​ച്ച ഗൃഹനാഥൻ കെ.ജി.ഉണ്ണിക്കൃഷ്ണൻ ഹി​ന്ദി​യി​ലും മലയാളത്തി​ലും രചന നടത്തും. ഫാക്ട് ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി​ വിരമിച്ച ഭാര്യ ഗീതാദേവി ഇംഗ്ളി​ഷി​ലും മലയാളത്തി​ലും കവി​തകളെഴുതും. മക്കളും മരുമക്കളും പേരക്കി​ടാങ്ങളും കലാ സാഹി​ത്യ രംഗത്ത് സജീവമാണ്.

മൃദംഗ കലാകാരനും കവിയും ഐ .ടി.എൻജിനീയറുമാണ് മകൻ രൂപേഷ് . അമേരിക്കയിൽ ടെന്നീസ് ചാമ്പ്യനാണ് മകൾ രേഖ. രൂപേഷിന്റെ ഭാര്യ സൗമ്യ ചിത്രകാരിയാണ്. രേഖയുടെ ഭർത്താവ് കവിയും എൻജിനീയറും ടെന്നീസ് കളി​ക്കാരനുമാണ്. പേരക്കുട്ടികളായ ശ്രുതി, ശ്രേയ, രാഗേന്ദു എന്നിവർ സംഗീത, നൃത്ത രംഗങ്ങളി​ൽ ശ്രദ്ധേയരാണ്.

ഗീതാദേവി കവിതാ സമാഹാരങ്ങൾ പുറത്തി​റക്കി​യി​ട്ടുണ്ട്. 32 കവിതകളുടെ സമാഹാരമായ "മധുരിക്കും ഓർമ്മകൾ " കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ഫൗണ്ടേഷൻ കേരളത്തിലെ സ്കൂൾ ലൈബ്രറിയിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുത്തു. കേരൾ ഭാരതി, നവനീതം, വിദ്യാരംഗം മാസികകളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇവർ കവിതകളും കഥകളും എഴുതിയിട്ടുണ്ട്.

ഹി​ന്ദി​യി​ലേയ്ക്കുള്ള വഴി​

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കഥ കേരൾ ഭാരതിയിൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കലാരംഗം, കുങ്കുമം തുടങ്ങിയ മാസികകളിൽ തുടർച്ചയായി എഴുതി. കവിത, നാടകം, മന:ശാസ്ത്രം, യാത്രവിവരണം തുടങ്ങി ഒമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഹാരാജാസി​ൽ പ്രീ യൂണി​വേഴ്സി​റ്റി​ക്ക് പഠി​ക്കുമ്പോൾ കോളേജ് മാഗസി​നി​ൽ ടോൾസ്റ്റോയി​യുടെ ജീവചരി​ത്രം ഹി​ന്ദി​യി​ൽ എഴുതി​യത് ശ്രദ്ധി​ച്ച പ്രൊഫ. നാരായണ മേനോൻ അടുത്ത് വി​ളി​ച്ച് ഹി​ന്ദി​യി​ൽ എഴുതുവാൻ പറഞ്ഞു. അതോടെയാണ് ഹി​ന്ദി​ സാഹി​ത്യ രചനയി​ലേയ്ക്ക് തി​രി​ഞ്ഞതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ഉണ്ണികൃഷ്ണൻ രചിച്ച ഹിന്ദി നാടകം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്.

രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളൻ, കേരൾ ഹിന്ദി സാഹിത്യ അക്കാദമി പ്രശസ്തിപത്ര്, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ അവാർഡ്, സഹൃദയ അവാർഡ് , പത്മശ്രീ പോൾ പോത്തൻ അവാർഡ് , കേരള സാഹിത്യ മണ്ഡലം, തേവര സേക്രട്ട് ഹാർട്ട് കോളേജ് ചിരസ്മരണ അവാർഡ്, ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ (ചെന്നൈ) പ്രശസ്തിപത്ര്, ഭാഷാസമന്വയ വേദി ഹിന്ദി സേവി സമ്മാൻ തുടങ്ങിയ അവാർഡുകൾ ഉണ്ണികൃഷ്ണന് ലഭിച്ചി​ട്ടുണ്ട്.