സ്കൂൾ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം

Saturday 21 January 2023 4:54 AM IST

വെള്ളറട: മൂത്ത മകനെ കൂട്ടാനിറങ്ങിയ മാതാവിന് പിറകെ ഓടിയെത്തിയ രണ്ടര വയസുകാരൻ സ്കൂൾ ബസ് തട്ടി മരിച്ചു. കുറ്റിയാനിക്കാട് മൈലക്കര അനീഷ് സദനത്തിൽ അനീഷ് കുമാർ-അശ്വതി ദമ്പതികളുട മകൻ വിഘ്നേശാണ് ഇന്നലെ വൈകിട്ട് 3. 40ന് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.

സ്കൂൾ ബസിലെത്തിയ എൽ.കെ.ജി വിദ്യാർത്ഥിയായ മൂത്തമകൻ വിനായകനെ കൂട്ടാൻ പോയതിനു പിറകെ ഇളയകുട്ടി പുറത്തിറങ്ങി വന്നത് മാതാവ് കണ്ടില്ല. മൂത്തകുട്ടിയെ ബസിൽ നിന്ന് ഇറക്കിയശേഷം ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടി മുന്നിലെത്തിയത് ബസ് ഡ്രൈവറുടെ ശ്രദ്ധയിലും പെട്ടില്ല. കുട്ടിയെ ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു. മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും. ആര്യങ്കോട് പൊലീസ് കേസെടുത്തു.