അകക്കണ്ണിൻ കരുത്തിൽ ശബ്ദലോകത്ത് സജി !

Saturday 21 January 2023 4:57 AM IST

പാമ്പാടി: യാതൊരു പരിശീലനവുമില്ലാതെ റേഡിയോ നന്നാക്കുന്ന പാമ്പാടി പായിക്കാട്ട് വയലിൽ സജി പീറ്ററിന്റെ (53) ജീവിതം എല്ലാവർക്കും അത്ഭുതമാണ്.

ജന്മനാ നിറഞ്ഞ ഇരുട്ടിനെ തോൽപ്പിക്കാൻ ശബ്ദത്തിന്റെ പിന്നാലെയായിരുന്നു സജിയുടെ യാത്ര. അങ്ങനെയാണ് ഇടതടവില്ലാതെ ചിലച്ചുകൊണ്ടേയിരിക്കുന്ന റേഡിയോയിൽ കാതുടക്കുന്നത്. ആദ്യം തൊട്ടറിഞ്ഞു. പിന്നെ അഴിച്ചു നോക്കി. ഒടുവിൽ റിപ്പയറിംഗും ആരംഭിച്ചു.

ബ്രെയിൽ ലിപിയിൽ യു.പി ക്ലാസ് വരെ പഠിച്ച സജി കുടക്കമ്പി കല്ലിനിടിച്ച് പരത്തിയുണ്ടാക്കിയ 'സ്ക്രൂ ഡ്രൈവർ കൊണ്ട്' വീട്ടിലെ റേഡിയോയാണ് ആദ്യം തുറന്നത്. ഓരോ ഉപകരണവും തൊട്ടു നോക്കി രൂപം മനസിൽ ഉറപ്പിച്ചു. അവയുടെ പേര് മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കി. അഴിച്ച റേഡിയോ കൃത്യമായി കൂട്ടിയോജിപ്പിച്ച് പ്രവർത്തിപ്പിച്ചു. എഫ്.എം റേഡിയോയുടെ പ്രവർത്തനവും തനിയെ പഠിച്ചു. സജിയിലെ മെക്കാനിക്കിനെ തിരിച്ചറിഞ്ഞ നാട്ടുകാർ കേടായ റേഡിയോ എത്തിച്ചു നൽകി. ചത്തെന്ന കരുതിയ റേഡിയോയ്ക്ക് സജി ജീവൻ വയ്പ്പിച്ചു. നന്നാക്കിയ റേഡിയോ സജിക്ക് സമ്മാനിച്ചവരുമുണ്ട്. പാട്ടുപാടുകയും അഭിനയിക്കുകയും ചെയ്യുന്ന സജി പാമ്പാടി ടൗൺ വരെ ഊന്നുവടിയുടെ സഹായത്താൽ നടന്ന് ലോട്ടറി വില്പനയും നടത്തുന്നുണ്ട്.

 ശസ്ത്രക്രിയകൾക്കും കാഴ്ച നൽകാനായില്ല

നിഴലനക്കം പോലും തിരിച്ചറിയാൻ കഴിയാത്ത സജിയെ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഞരമ്പിന് തകരാറുള്ളതിനാൽ കണ്ണ് മാറ്റിവയ്ക്കുന്നതും പ്രയോജനപ്പെടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്കണവാടി ടീച്ചർ ജമിനിയാണ് ഭാര്യ. കീർത്തി, കിരൺ എന്നിവരാണ് മക്കൾ.

 കാഴ്ച ആപ്പിന് നന്ദി

കേരളകൗമുദിയുടെ കാഴ്ച ആപ്പാണ് വാർത്തകൾ അറിയാൻ സജിക്ക് തുണയാകുന്നത്. പത്രം വായിക്കാനാവാത്തതിന്റെ കുറവ് കാഴ്ചആപ്പ് നികത്തുണ്ടെന്ന് സജി പറയുന്നു.

 '' ദൈവം കാഴ്ചയെടുത്തപ്പോൾ മറ്റൊരു കഴിവ് തന്നു. സോൽഡർ ചെയ്യാൻ കഴിയില്ല. അതിന് പകരം ചേർത്ത് വച്ച് സെലോടേപ്പ് ഒട്ടിക്കും''

-സജി