പെൻഷൻ പ്രായം 57 ?​ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം ഉയർത്താൻ ആലോചന, ബഡ്‌ജറ്റിൽ പ്രഖ്യാപനത്തിന് സാദ്ധ്യത

Saturday 21 January 2023 4:07 AM IST

തിരുവനന്തപുരം:സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടാൻ നിർദ്ദേശമുണ്ട്.

ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്പത്തിക വർഷം ലാഭിക്കാം. വരുന്ന ബഡ്‌ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.

ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57ആക്കണമെന്ന് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുമുണ്ട്. നിലവിൽ 56 ആണ്.

ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എൻ ബാലഗോപാൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പെൻഷൻ പ്രായം കൂട്ടുന്നതും ചർച്ചയായി. അനുകൂല നിർദ്ദേശങ്ങൾ ഉയർന്നത് സർക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്. പെൻഷൻപ്രായം കൂട്ടുന്നതിൽ ഇടതുമുന്നണിയിൽ കാര്യമായ എതിർപ്പില്ല. യുവജനങ്ങളുടെ പ്രതിഷേധത്തിലാണ് ആശങ്ക.

പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ മൂന്ന് മാസം മുമ്പ് സർക്കാർ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്ക്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി റിയാബ് തയ്യാറാക്കിയ 9000 കോടി രൂപയുടെ മാസ്റ്റർ പ്ളാനിലും പെൻഷൻപ്രായം ഉയർത്താൻ നിർദ്ദേശമുണ്ട്.

134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ 114 എണ്ണമാണ് പ്രവർത്തിക്കുന്നത്. ചിലതിൽ പെൻഷൻ പ്രായം 60 ആണ്. ചിലതിൽ 58. ചില സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് 60 വയസും മറ്റ് ജീവനക്കാർക്ക് 58 വയസുമാണ്.. ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആക്കാനാണ് നിർദ്ദേശം.

പെൻഷൻ പ്രായം കൂട്ടിയാൽ അടുത്ത വർഷത്തെ സാമ്പത്തിക ഞെരുക്കം വലിയൊരളവ് വരെ മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.

5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. ഇവരുടെ പെൻഷൻ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം ഉയർത്തിയാൽ ഗുണം കിട്ടുക. പങ്കാളിത്ത പെൻഷനിലൂടെ, പത്തുവർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം അറുപതാവും.

 20,000

ഒരു വർഷം വിരമിക്കുന്നവർ

 20 - 50 ലക്ഷം

ഒരാൾക്ക് ഗ്രാറ്റുവിറ്റി,​ പെൻഷൻ ​

4,​000 കോടി

മൊത്തം ബാദ്ധ്യത

Advertisement
Advertisement