വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യം: പരസ്യ വിമർശനവുമായി സി.പി.ഐ

Saturday 21 January 2023 12:26 AM IST

കൽപ്പറ്റ: വയനാട് ജില്ലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ പരസ്യ വിമർശനവുമായി സി.പി.ഐ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നടപടി വേണമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടത്. ഇൗ പ്രസ്താവന വരും ദിവസങ്ങളിൽ ഏറെ വിവാദത്തിന് വഴിവയ്ക്കുമെന്നുറപ്പാണ്. കൊല്ലുക മാത്രമല്ല ഇത്തരം മൃഗങ്ങളുടെ ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിൽ ദിനംപ്രതി വർദ്ധിക്കുന്ന വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരമുണ്ടാക്കണം. വനങ്ങൾക്കുൾകൊള്ളാൻ കഴിയാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു. അന്താരാഷ്ട്ര ഏജൻസികളുടെ ഗൂഢ പ്രചരണത്തിന്റെ ഭാഗമായി വയനാട്ടിലെ കൃഷിക്കാർ കയ്യേറ്റക്കാരായി പൊതു സമൂഹത്തിന്റെ മുമ്പിൽ ചിത്രീകരിക്കപ്പെടുന്നു. ആറ് മനുഷ്യരെയാണ് കടുവ കൊന്നത്. 185 മനുഷ്യരെ ആനകൾ കൊന്നു. ഇങ്ങനെ പോയാൽ വയനാട്ടിൽ നിന്നും മനുഷ്യർക്ക് വീടും സ്ഥലവും ഇട്ട് പോകേണ്ടിവരുമെന്നും ഇ.ജെ. ബാബു പറഞ്ഞു

വയനാടിന്റെ ഭൂവിസ്തൃതിയുടെ 40 ശതമാനം വനമായിരുന്നിട്ട് കൂടി അശാസ്ത്രീയ പ്രവർത്തനമാണ് ഈ മേഖലയിൽ വനംവകുപ്പ് നടത്തുന്നത്. തേക്ക്, യൂക്കാലിപ്റ്റ്സ് തുടങ്ങിയ വനത്തിൽ തോട്ടങ്ങളായി വെച്ച് പിടിപ്പിച്ചതുവഴി സ്വാഭാവിക വനം, വനംവകുപ്പ് തന്നെ നശിപ്പിച്ചു. ഒരു വിധത്തിലുള്ള കൃഷിയും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇപ്പോൾ സ്ഥിതി അതീവഗുരുതരമായി. കടുവ ആക്രമണം നിത്യസംഭവമായിമാറി. വനത്തിൽ നിലവിലുള്ള തേക്ക് തോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനം വളർത്ത

ണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു.