ഇ.ഡിക്കെതിരെ ഹർജി: ഫെബ്രു. എട്ടിലേക്ക് മാറ്റി

Saturday 21 January 2023 12:00 AM IST

കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുകൾ വിദേശനാണയ വിനിമയ ചട്ടത്തിന് (ഫെമ) വിരുദ്ധമാണോയെന്ന പരിശോധനയുടെ ഭാഗമായി എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് തുടരെത്തുടരെ സമൻസ് നൽകുന്നതിനെതിരെ കിഫ്ബി അധികൃതരും മുൻധനമന്ത്രി ഡോ. തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കാൻ മാറ്റി. ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ റിസർവ് ബാങ്ക് കൂടുതൽ സമയംതേടിയ സാഹചര്യത്തിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജികൾ മാറ്റിയത്.

തോമസ് ഐസക്കിന് പുറമേ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഹർജി നൽകിയത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുകളിറക്കിയതെന്ന് ഇവർ വ്യക്തമാക്കി. എന്നാൽ പ്രഥമദൃഷ്‌ട്യാ വിദേശനാണയ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടു വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇ.ഡി വാദിച്ചിരുന്നു. തുടർന്നാണ് റിസർവ് ബാങ്കിനെ ഹർജികളിൽ കക്ഷിചേർത്തത്.