മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

Saturday 21 January 2023 1:41 AM IST

ശബരിമല: തീർത്ഥാടക ലക്ഷങ്ങൾക്ക് പുണ്യ ദർശനമേകിയ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി . ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ തീർത്ഥാടകർക്ക് ദർശനം അനുവദിച്ചിരുന്നില്ല. പുലർച്ചെ 5ന് നടതുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ പേടകങ്ങളുമായി ഗുരുസ്വാമിമാർ പതിനെട്ടാം പടി ഇറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. തുടർന്ന് ശ്രീകോവിലിൽ അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി രുദ്രാക്ഷമാല കഴുത്തിലണിയിച്ചു. യോഗദണ്ഡ് നൽകി യോഗ സമാധിയിലാക്കി. മേൽശാന്തി പിൻവിളക്കും ശ്രീലകത്തെ വിളക്കുകളും ഓരോന്നായി അണച്ച് പിന്നോട്ടിറങ്ങി നടയടച്ചു. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി മൂലം രാജപ്രതിനിധിയില്ലാത്തതിനാൽ ആചാരപരമായ താക്കോൽ കൈമാറ്റമോ പണക്കിഴി നൽകലോ ഉണ്ടായിരുന്നില്ല. പകരം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാറിന് താക്കോൽ കൈമാറി. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.