ലക്ഷദ്വീപ് മുൻ എം.പിയടക്കമുള്ള പ്രതികളുടെ അപ്പീൽ 23ലേക്ക് മാറ്റി

Saturday 21 January 2023 1:41 AM IST

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപിലെ വിചാരണക്കോടതി തങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നടപടി സസ്പെൻഡ് ചെയ്യണമെന്ന് മുൻ എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ള പ്രതികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നൽകിയ അപ്പീൽ ഹൈക്കോടതി 23ന് വിശദവാദത്തിന് മാറ്റി. ലക്ഷദ്വീപ് ഭരണകൂടത്തെയും കേസിലെ പരാതിക്കാരനെയും ഇക്കാര്യത്തിൽ കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ പരാതിക്കാരനെ കക്ഷിചേർക്കാനും നിർദ്ദേശിച്ചു.

മുൻകേന്ദ്രമന്ത്രി പി.എം. സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ എം.പി മുഹമ്മദ് ഫൈസൽ,സയിദ് മുഹമ്മദ് നൂറുൽ അമീൻ,മുഹമ്മദ് ഹുസൈൻ തങ്ങൾ മുഹമ്മദ് ബഷീർ എന്നീ പ്രതികൾക്കാണ് കവരത്തി സെഷൻസ് കോടതി പത്തുവർഷംതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇതിനിടെ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടെന്ന കാരണത്താൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ മുഹമ്മദ് ഫൈസൽ നൽകിയ ഹർജി 27ലേക്ക് മാറ്റി. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ നടപടിയും സസ്പെൻഡ് ചെയ്യണമെന്ന് പ്രതികൾ ആവശ്യപ്പെട്ടത്.