ചാരക്കേസ് കെട്ടിച്ചമയ്ക്കൽ: വിദേശ ശക്തികളുടെ പങ്കിന് തെളിവില്ല

Saturday 21 January 2023 1:51 AM IST

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമയ്ക്കുന്നതിൽ വിദേശശക്തികൾക്ക് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ഹൈക്കോടതി. ഇന്ത്യയുടെ നിർണ്ണായക ബഹിരാകാശ പദ്ധതിയ്ക്കുള്ള ക്രയോജനിക് സാങ്കേതികത തടസ്സപ്പെടുത്താൻ വൻഗൂഢാലോചന നടന്നെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ ഹൈക്കോടതി ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർചെയ്ത കേസിൽ മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻകൂർജാമ്യം അനുവദിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഏഴാം പ്രതിയായ മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതിയായ മുൻ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശ്, പതിനേഴാം പ്രതിയും മുൻ ഐ.ബി ഉദ്യോഗസ്ഥനുമായ വി.കെ. മൈനി എന്നിവരാണ് മുൻകൂർ ജാമ്യം ലഭിച്ച മറ്റു പ്രതികൾ. ജസ്റ്റിസ് കെ. ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്.

 മറ്റു വ്യവസ്ഥകൾ

ചോദ്യംചെയ്യലിന് ജനുവരി 27ന് രാവിലെ 10നും 11നുമിടയിൽ ഹാജരാകണം. അറസ്റ്റ് ചെയ്‌താൽ ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് വിട്ടയയ്ക്കണം. രണ്ടാഴ്‌ച തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ചോദ്യംചെയ്യലിന് ഹാജരാകണം. അനുമതിയില്ലാതെ ഇന്ത്യ വിടരുത്,

 സി.ബി.ഐയുടെ വാദങ്ങൾ തള്ളി

ചാരക്കേസ് കെട്ടിച്ചമയ്ക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിൽ രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും സി.ബി.ഐയ്ക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദങ്ങൾ സിംഗിൾബെഞ്ച് തള്ളി. കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും വിശദമായി പരിശോധിച്ചിട്ടും തെളിവുകൾ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ ചോദ്യംചെയ്തശേഷമേ നിർണ്ണായക തെളിവുകൾ ശേഖരിക്കാനാവൂ എന്നും സി.ബി.ഐ വാദിച്ചിരുന്നു. ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യണോ എന്നതാണ് കോടതി പരിഗണിച്ചത്. പ്രായാധിക്യത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതികൾ വ്യക്തമാക്കിയിരുന്നു.

പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നതിനെ നമ്പിനാരായണൻ എതിർത്ത് വാദമുന്നയിച്ചിരുന്നു. നമ്പി നാരായണന് കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നുവെന്നത് സത്യമാണ്. അതുകൊണ്ട് പ്രതികളും അതേ അവസ്ഥയിലൂടെയും അപഖ്യാതിയിലൂടെയും കടന്നുപോകണോ? പ്രതികൾക്കെതിരെ കുറ്റാരോപണം പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിൽ പ്രതികൾക്ക് മനസ്സറിവുണ്ടോയെന്നതും സംശയമാണ്. ഇവർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ സാദ്ധ്യതയില്ല. തെളിവ് നശിപ്പിക്കുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. മുൻകൂർജാമ്യം നൽകുന്നത് നീതിയുക്തമായ അന്വേഷണത്തിന് തടസ്സമാകുമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

Advertisement
Advertisement